ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച 90,889 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ദിവസത്തേക്കാൾ 50% വർധനവാണിത്. 325 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,51,09,286 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡിസംബർ 28ന് റിപ്പോർട്ട് ചെയ്യപ്പെട്ട 9,195 കേസുകളിൽ നിന്ന് 1000% വർധനവോട് കൂടിയാണ് ജനുവരി ആദ്യഘട്ടത്തോടെ ഒരു ലക്ഷത്തിലേക്കടുക്കുന്നത്. ആദ്യ തരംഗത്തിൽ 10,000 കേസുകളിൽ നിന്ന് ഒരു ലക്ഷത്തിലേക്കെത്താൻ 100 ദിവസമെടുത്തു. രണ്ടാം തരംഗമായപ്പോഴേക്കും വ്യാപനദൈർഘ്യം പകുതിയായി കുറഞ്ഞു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിദിന വർധനവ് ഈവിധം എത്തിയത് പത്ത് ദിവസത്തിനുള്ളിലാണ്. പുതിയ തരംഗം എത്രത്തോളം വ്യാപനശേഷിയുള്ളതാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ALSO READ: സ്ഥാനാർഥികളുടെ ചെലവ് പരിധി ഉയർത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ
ചൊവ്വാഴ്ച രാജ്യത്ത് 495 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2,630 ആയി.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 797 ആയി. ഡൽഹി 465, രാജസ്ഥാൻ 236, കേരളം 234, കർണാടക 226, ഗുജറാത്ത് 204, തമിഴ്‌നാട് 121 എന്നിങ്ങനെയാണ് രോഗബാധിതർ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,397 സജീവ രോഗികൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ സജീവരോഗികളുടെ എണ്ണം 2,85,401 ആയി. ഇത് ആകെ രോഗബാധിതരുടെ 0.81 ശതമാനം ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.81 ശതമാനമായി കുറഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആണ്.
അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു. ആകെ മരണനിരക്ക് 1.38 ശതമാനമായി. രാജ്യവ്യാപകമായി നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 148.67 കോടി കവിഞ്ഞു.