നോയിഡ: അനധികൃത നിര്‍മാണം എതിര്‍ത്ത യുവതിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിക്കെതിരെ യോഗി ആദിത്യ നാഥിന്‍റെ ബുള്‍ഡോസര്‍. ഒളിവിൽ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ വീടിന്‍റെ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ഗ്രാന്‍റ് ഒമാക്സ് സൊസൈറ്റിയിലെ 93 ബി ഏരിയയിലെ നിര്‍മാണമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
പൊതു റോഡിലേക്ക് ഇറക്കി സ്ഥാപിച്ച താത്കാലിക തൂണുകളും നിലത്ത് പാകിയ ടൈലുകളുമാണ് പൊളിച്ചത്. ഇവിടെ ഇയാള്‍ പൂന്തോട്ടം നിര്‍മിക്കാനുള്ള പദ്ധതി ഒരുക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പൊതു സ്ഥലത്ത് ചെടികള്‍ നടുന്നതിനെ സമീപവാസിയായ സ്ത്രീ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച ത്യാഗി ഇവരെ പൊതുസ്ഥലത്ത് വച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു.
Also Read: 'ബാബാ കാ ബുള്‍ഡോസര്‍'; കൊടും കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി പൊലീസ്
ബിജെപി നേതാവാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. വീഡിയോ വൈറലായതോടെ ഒളില്‍ പോയ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
ഇതോടെയാണ് സര്‍ക്കാര്‍ പ്രദേശത്ത് പൊലീസിനെ വിന്യസിക്കുകയും കെട്ടിടത്തിലെ അനധികൃത നിര്‍മാണം പൊളിക്കുകയും ചെയ്തത്. 1000 പേരോളം താമസിക്കുന്ന പ്രദേശത്തുണ്ടായ നടപടിയില്‍ ജനങ്ങള്‍ സര്‍ക്കാറിനും കോര്‍പ്പറേഷനും നന്ദി പറഞ്ഞു.