മുംബൈ: കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കൂടുതൽ പഠനവുമായി ഐസിഎംആറും എൻഐവിയും. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദ പഠനത്തിനൊരുങ്ങുന്നത്. പുതിയ വകഭേദത്തിനെതിരെയുള്ള വാക്‌സിനുകളുടെ ഫലപ്രാപ്‌തി സംബന്ധിച്ചും പഠനം നടത്തും.
Read more: ഡെൽറ്റയ്‌ക്ക് പിന്നാലെ ലാംഡ : വാക്‌സിനില്‍ ആശങ്ക അറിയിച്ച് ഡബ്ല്യുഎച്ച്ഒ
മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് നടപടികൾ ഊർജിതമാക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ), പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) അറിയിച്ചു. വാക്‌സിൻ സ്വീകരിച്ച പൗരന്മാരിൽ ആൻ്റിബോഡികളുടെ പ്രവർത്തനം സംബന്ധിച്ചും പഠനം നടത്തും. നിലവിലെ വാക്‌സിനുകൾ ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ഫലപ്രദമാണോ എന്നത് പരിശോധിക്കുമെന്നും വിദഗ്‌ധർ അറിയിച്ചു.
കെ417എൻ (K417N) എന്നറിയപ്പെടുന്ന സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷൻ അടങ്ങിയ ഡെൽറ്റ വേരിയൻ്റിൽ നിന്നാണ് ഡെൽറ്റ പ്ലസ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ചില ദിവസങ്ങൾക്കിടെ പരിശോധിച്ച 7,900 പേരിൽ 21 പേരിൽ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
വാക്‌സിൻ ഫലപ്രാപ്‌തിയിൽ പഠനം
കൊവിഡ് വാക്‌സിനുകള്‍ക്ക് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരായി പോരാടാനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഐസിഎംആറും എൻഐവിയും പദ്ധതിയിടുന്നത്. അതേസമയം, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിലാണ് ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. നിലവിൽ ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ കൊവിഡ് ഡെൽറ്റ വേരിയൻ്റ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ ഡെൽറ്റ പ്ലസ് കണ്ടെത്തിയ മഹാരാഷ്‌ട്രയിലെ നിലവിലെ സ്ഥിതി മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച് നിരീക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ഡെല്‍റ്റ പ്ലസ് വകഭേദം അപകടകാരി
ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആൻ്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളത് കൊണ്ടാണ് ഡെല്‍റ്റ പ്ലസ് അപകടകാരിയാകുന്നത്. വാക്‌സിന്‍ എടുത്തവരില്‍ ഡെല്‍റ്റ പ്ലസ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വാക്‌സിൻ്റെ പ്രതിരോധ ശേഷിയെ മറികടന്നിട്ടില്ലെന്നും മരണം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യവിദഗ്‌ധര്‍ പറയുന്നു.
ഇതുവരെ പ്രത്യക്ഷപ്പെട്ട കൊവിഡ് വൈറസിൻ്റെ വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ പ്ലസ്. വായുവിലൂടെ എളുപ്പത്തില്‍ പകരാൻ സാധിക്കുന്ന തരത്തിൽ അതിവേഗ വ്യാപനശേഷിയുണ്ട് ഇതിന്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പിലാണ് ആദ്യമായി വകഭേദം കണ്ടെത്തിയത്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വന്ന് ഭേദമായ ശേഷം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 65കാരിയിലായിരുന്നു ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.