ഹൈദരാബാദ്: ടിപ്പു സുൽത്താൻ അനുകൂലികളെ നാടുകടത്തുകയോ കൊല്ലുകയോ വേണമെന്ന ബിജെപി കർണാടക അധ്യക്ഷൻ നളീൻ കുമാർ കട്ടീലിന്‍റെ വിവാദ പ്രസ്‌താവനക്ക് മറുപടിയുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമിന്‍റെ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി.
'ഞാൻ ടിപ്പു സുൽത്താന്‍റെ പേര് സ്വീകരിക്കുകയാണ്. നിങ്ങൾ എന്ത് ചെയ്യുമെന്ന് എനിക്കറിയണം. ബിജെപി കർണാടക അധ്യക്ഷൻ പറഞ്ഞതിനെ പ്രധാനമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്ന് പറയാൻ സന്നദ്ധനാവണം. ബിജെപി അധ്യക്ഷന്‍റേത് കലാപത്തിനും വംശഹത്യക്കും കൊലപാതകത്തിനുമായുള്ള ആഹ്വാനമാണ്. കർണാടക സംസ്ഥാന സർക്കാർ ഇതിനെതിരെ നടപടി സ്വീകരിക്കുമോ? പ്രസ്‌താവന അങ്ങേയറ്റം വെറുപ്പ് നിറഞ്ഞതാണ്', അസദുദ്ദീൻ ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു.
ടിപ്പു സുൽത്താൻ അനുകൂലികൾ ഈ മണ്ണില്‍ ജീവിക്കാന്‍ യോഗ്യരല്ല എന്ന നളീൻ കുമാർ കട്ടീലിന്‍റെ പ്രസ്‌താവന പുറത്തുവന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് രൂക്ഷ വിമർശനവുമായി ഉവൈസി രംഗത്തെത്തുന്നത്. 'ഇത് ഹനുമാന്‍ ഭക്തരുടെ നാടാണ്. ഞങ്ങൾ ടിപ്പുവിന്‍റെ പിന്മുറക്കാരല്ല. ടിപ്പുവിന്‍റെ അനുയായികളെ വീട്ടിലേക്ക് തിരിച്ചയക്കണം. കർണാടകയ്ക്ക് ആവശ്യം ടിപ്പു സുൽത്താനെയല്ല, ടിപ്പുവിന്‍റെ അനുയായികളെ ഇനിയും ഈ പുണ്യഭൂമിയിൽ ജീവിക്കാൻ അനുവദിക്കരുത്', കൊപ്പൽ ജില്ലയിലെ യെലബുർഗയിലെ പഞ്ചായത്ത് ടൗണിൽ ബിജെപി പ്രവർത്തകരുടെ മീറ്റിങ്ങിൽ സംസാരിക്കവെ നളീൻ കുമാർ കട്ടീൽ പറഞ്ഞു. ടിപ്പുവും സവർക്കറും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിലെ പോരാട്ടമെന്ന വിവാദ പ്രസ്‌താവനയും നേരത്തെ നളീൻകുമാർ നടത്തിയിരുന്നു.