ഷിംല: എച്ച്ആർടിസി (ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍) ഡ്രൈവറെ മൂക്കുകൊണ്ട് ഷൂവില്‍ സ്‌പര്‍ശിച്ച് ക്ഷമാപണം നടത്തി ആള്‍ക്കൂട്ട വിചാരണ. ഷിംലയില്‍ മാര്‍ച്ച് ഒന്‍പതിനാണ് സംഭവം. വീതികുറഞ്ഞ റോഡില്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച എച്ച്ആർടിസി ബസും കാറും കടന്നുപോവാന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് പ്രശ്‌നത്തിന്‍റെ തുടക്കം.
ബസ് ഡ്രൈവര്‍ കാറിന്‍റെ മുകളില്‍ കയറി ചവിട്ടുകയും കാര്‍ ഓടിച്ചയാളെ തൊഴിക്കുകയും അസഭ്യം പറയുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് പൊലീസ് നോക്കിനില്‍ക്കെ എച്ച്ആർടിസി ഡ്രൈവറെക്കൊണ്ട് ആള്‍ക്കൂട്ടം മാപ്പ് പറയിച്ചത്. ഷിംലയിലെ ജുബ്ബൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാവ്ര മേഖലയിലാണ് സംഭവം. തരോച്ചിൽ നിന്ന് രോഹ്രുവിലേക്ക് പോവുകയായിരുന്നു എച്ച്ആർടിസി ബസ്.
സംഭവം പൊലീസ് നോക്കിനില്‍ക്കേ: ജുബ്ബാലിലെ ഹത്‌കോട്ടിയിൽ ബസ് എത്തിയപ്പോൾ, എച്ച്‌ആര്‍ടിസി ഡ്രൈവറും അപ്പർ ഷിംല നിവാസിയായ കാര്‍ ഡ്രൈവര്‍ രോഹിത് രാജ്‌തയും തമ്മിൽ വാക്കേറ്റമുണ്ടായി. എച്ച്ആർടിസി ബസ് ഡ്രൈവർ കാറിന്‍റെ മുകള്‍ ഭാഗത്തേക്ക് ചാടിക്കയറി. കാറിന്‍റെ മുകളില്‍ നിന്നും ബസ് ഡ്രൈവർ രോഹിത്തിന്‍റെ മുഖത്തേക്ക് ചവിട്ടാൻ തുടങ്ങി. ഈ സംഭവത്തില്‍ എച്ച്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രോഹിത് പരാതി നൽകി.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് ബസ് ഡ്രൈവറെ രോഹിത്തിന്‍റെ കാലിൽ മൂക്കുകൊണ്ട് സ്‌പര്‍ശിപ്പിച്ച് ആള്‍ക്കൂട്ടം ക്ഷമാപണം നടത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഷിംല എസ്‌പി പറഞ്ഞു.