ചമ്പ: സ്‌കൂൾ സന്ദർശനത്തിനിടെ വിദ്യാർഥിയെ തല്ലി ഹിമാചൽ പ്രദേശ് നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ഹൻസ്‌രാജ്. വിദ്യാർഥികളോട് കൊവിഡിനെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും സംസാരിക്കുന്നതിനിടെ ക്ലാസിലെ ഒരു വിദ്യാർഥി ചിരിച്ചതിനാണ് ഹൻസ്‌രാജ് കുട്ടിയെ അടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഡെപ്യൂട്ടി സ്‌പീക്കർക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.
ചമ്പയിലെ റെയ്‌ല ഗ്രാമത്തിലെ സീനിയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ അപ്രതീക്ഷിത പരിശോധനയ്‌ക്കായി എത്തിയതായിരുന്നു ഹൻസ്‌രാജ്. വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ ചിരിച്ച വിദ്യാർഥിയോട് 'നീ എന്തിനാണ് ചിരിക്കുന്നത്' എന്ന് ചോദിച്ചുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് പിന്നാലെ കോൺഗ്രസും ഹൻസ്‌രാജിനെതിരെ രംഗത്തെത്തി. നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ മോശമായി പെരുമാറിയ വിദ്യാർഥി തന്നെ അദ്ദേഹത്തിനെതിരെ പരാതി നൽകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഹൻസ്‌രാജ് പല വിവാദ പ്രസ്‌താവനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുന്നതാണ് നല്ലതെന്നുമായിരുന്നു കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിങ്ങിന്‍റെ പരാമർശം.