ഇൻഡോർ : ശസ്‌ത്രക്രിയയിലൂടെ കന്യകാത്വം വീണ്ടെടുക്കാൻ തയാറുള്ളവരുടെ എണ്ണത്തിൽ ഇന്ത്യയിലുടനീളം അതിവേഗ വർധനവെന്ന് റിപ്പോര്‍ട്ട്. മെട്രോ സിറ്റികളിൽ മാത്രമല്ല ഉള്‍പ്രദേശങ്ങളില്‍ നിന്നും ശസ്‌ത്രക്രിയയ്‌ക്ക് തയാറാകുന്നവരുടെ എണ്ണം വർധിച്ചതായി ഇൻഡോറിലെ കോസ്‌മെറ്റിക് സർജൻ ഡോ. അശ്വിൻ ഡാഷ് പറയുന്നു.
കന്യകാത്വം വീണ്ടെടുക്കാൻ സഹായിക്കുന്ന ശസ്‌ത്രക്രിയയായ 'ഹൈമെനോപ്ലാസ്റ്റി' നടത്തുന്നതിനായി നിരവധി സ്‌ത്രീകളും പെൺകുട്ടികളുമാണ് മടികൂടാതെ തന്നെ സമീപിക്കുന്നതെന്ന് ഡോക്‌ടർ അവകാശപ്പെട്ടു. കന്യാചർമം വീണ്ടെടുക്കാനുള്ള ശസ്‌ത്രക്രിയയാണ് ഹൈമെനോപ്ലാസ്റ്റി.
സ്‌ത്രീയുടെ ജനനേന്ദ്രിയത്തിൽ പൂർണമായോ ഭാഗികമായോ ആവരണം ചെയ്‌തിട്ടുള്ള മ്യൂക്കോസൽ ടിഷ്യുവിന്‍റെ നേർത്ത പാളിയാണ് കന്യാചർമം. ഇത് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശസ്‌ത്രക്രിയ 30 മിനിറ്റിനുള്ളിൽ തന്നെ പൂർത്തിയാക്കാമെന്ന് ഡോക്‌ടർ പറയുന്നു. സാധാരണയായി 50,000 രൂപയാണ് ശസ്‌ത്രക്രിയയ്‌ക്ക് ചെലവാകുന്നത്.
എന്നാൽ പല ആശുപത്രികളിലും 30,000 മുതൽ 70,000 രൂപ വരെ വാങ്ങാറുണ്ട്. വളരെ ലളിതമായി നടത്തുന്ന ഹൈമെനോപ്ലാസ്റ്റി ശസ്‌ത്രക്രിയക്ക് ശേഷം രോഗിക്ക് വലിയ പരിചരണം വേണ്ടിവരില്ലെന്നും അതേദിവസം തന്നെ ആശുപത്രിയിൽ നിന്ന് മടങ്ങാമെന്നും ഡോ. അശ്വിൻ ഡാഷ് പറയുന്നു.
അതേസമയം ശസ്‌ത്രക്രിയക്ക് ശേഷമുള്ള രണ്ടാഴ്‌ചത്തേക്ക് ഭാരമേറിയ വസ്‌തുക്കൾ ഉയർത്തുന്നതോ കഠിനമായ വ്യായാമങ്ങളിലോ, ജോലികളിലോ ഏര്‍പ്പെടരുതെന്നും അദ്ദേഹം നിർദേശിക്കുന്നു. ഒരു വ്യക്തിയുെട ആരോഗ്യസ്ഥിതി അനുസരിച്ച് ശസ്‌ത്രക്രിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന് പുറമേ, അവരുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം.
അതിനാൽ ഹൈമെനോപ്ലാസ്റ്റി ചെയ്യുന്നതിന് മുമ്പ്, സാമൂഹിക മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ വിവേകപൂർണമായ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്ന് ഡോ. അശ്വിൻ ഡാഷ് കൂട്ടിച്ചേർത്തു.