ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന 2022ല്‍ എല്ലാ ഇന്ത്യക്കാരനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കനായി പ്രവര്‍ത്തിക്കുമെന്ന് പുതിയതായി ചുമതലയേറ്റ കേന്ദ്ര മന്ത്രി കൗശല്‍ കിഷോര്‍. പ്രധാനമന്ത്രിയുടെ വലിയ സ്വപ്നങ്ങളില്‍ ഒന്നാണിത്. ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ഗഞ്ജ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് കിഷോര്‍.
എല്ലാവര്‍ക്കും കുടിവെള്ളം
കേന്ദ്ര ഭവന നിര്‍മാണം- ഗ്രാമീണ വികസന വകുപ്പ് മന്ത്രിയായാണ് അദ്ദേഹം വ്യാഴാഴ്ച ചുമതലയേറ്റത്. രാജ്യത്ത് കുടിവെള്ളം ലഭിക്കാത്ത എല്ലാവര്‍ക്കും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കും. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശൗചാലയം എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊവിഡ് ബാധിച്ച് മന്ത്രിയുടെ സഹോദരന്‍ മരിച്ചിരുന്നു. ഈ സമയത്ത് ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെട്ട് അദ്ദേഹം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത് ഏറെ ചര്‍ച്ചയായിരുന്നു. എല്ലാവര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് 300 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
2003-04 കാലത്ത് യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു കൗശല്‍. രണ്ട് തവണ പാര്‍ലമെന്‍റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ അദ്ദേഹത്തെ യുപിയിലെ ബിജെപി മോര്‍ച്ച സംസ്ഥാന തലവനായി നിയോഗിച്ചിരുന്നു.
കൂടുതല്‍ വായനക്ക്:- മൻസുഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റു
കൂടുതല്‍ വായനക്ക്:- കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കുന്നു: സത്യപാല്‍ സിംഗ് ഭാഗല്‍