ഗംഗാപൂർ/ബൻസ്വാര : രാജസ്ഥാനിലെ മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്‌തത തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന രണ്ട് വീഡിയോകൾ പുറത്ത്. സവായ് മധോപൂർ ജില്ലയിലെ ഗംഗാപൂരിൽ അപകടത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ആശുപത്രി ജീവനക്കാർ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിൽ കയറ്റുന്നതും, ഡീസൽ തീർന്നതിനെത്തുടർന്ന് രോഗിയുടെ ബന്ധുക്കൾ ആംബുലൻസ് തള്ളി നീക്കുന്നതുമായ രണ്ട് വീഡിയോകളാണ് ഇന്ന് പുറത്തുവന്നത്.
മൃതദേഹം മാലിന്യ വണ്ടിയിൽ : നഗരത്തിലെ ഗംഗാപൂർ ജനറൽ ആശുപത്രിയിലാണ് മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി കൊണ്ടുപോകാൻ നഗരസഭയുടെ മാലിന്യം കയറ്റുന്ന വണ്ടി ഉപയോഗിച്ചത്. ട്രെയിൻ അപകടത്തിൽ മരിച്ച സ്‌ത്രീയുടേയും, പുരുഷന്‍റെയും മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആശുപത്രി അധികൃതർ മാലിന്യ വണ്ടിയിൽ കയറ്റിയത്. അതേസമയം സംഭവം ലജ്ജാകരമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എംഎൽഎ രാംകേഷ് മീണ പറഞ്ഞു.
ജീവനെടുത്ത് ആംബുലൻസ് : ബൻസ്വാര ജില്ലയിൽ നിന്നുള്ളതാണ് മറ്റൊരു വീഡിയോ. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിന്‍റെ ഇന്ധനം തീരുകയും ബന്ധുക്കൾ വാഹനം തള്ളി നീക്കുകയും ചെയ്യുന്നതാണ് വീഡിയോ. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ തേജ്‌പാൽ ഗനാവ എന്ന മധ്യവയസ്‌കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം തീർന്നതിനെത്തുടർന്ന് കൂടുതൽ ഇന്ധനം എത്തിച്ചെങ്കിലും വാഹനം സ്റ്റാർട്ട് ആയില്ലെന്ന് മരിച്ച തേജ്‌പാലിന്‍റെ മരുമകൻ മുകേഷ് പറഞ്ഞു. ഉച്ചയ്‌ക്ക് 11 മണിയോടെയാണ് പിതാവിന്‍റെ ആരോഗ്യനില വഷളായത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ചെങ്കിലും അവർ എത്തിയത് 12.15 നായിരുന്നു. ഒടുവിൽ വാഹനം തള്ളി നീക്കി 3 മണിയോടെ ആശുപത്രിയിലെത്തിയപ്പോൾ പിതാവ് മരിച്ചതായി ഡോക്‌ടർ അറിയിച്ചു - മുകേഷ് പറഞ്ഞു.
ALSO READ: വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കം : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്
അതേസമയം 108 ആംബുലൻസ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതല്ലെന്നും സർക്കാരുമായി സഹകരിച്ച് ഒരു സ്വകാര്യ ഏജൻസിയാണ് സർവീസ് നടത്തുന്നതെന്നും ചീഫ് മെഡിക്കൽ ഓഫിസർ എച്ച് എൽ തബിയാർ പറഞ്ഞു. മരിച്ചയാളുടെ കുടുംബവുമായി സംസാരിച്ച് എവിടെയാണ് വീഴ്‌ച പറ്റിയതെന്ന് മനസിലാക്കാൻ ശ്രമിക്കും. 108 ഹെൽപ്പ് ലൈൻ ഒരു സ്വകാര്യ ഏജൻസിയാണ് നടത്തുന്നത്. അവർ തന്നെയാണ് വാഹനങ്ങളുടെ അറ്റകുറ്റ പണിയും നടത്തുന്നത്. അനാസ്ഥ കാണിച്ചാൽ ശക്‌തമായ നടപടി സ്വീകരിക്കും, തബിയാർ കൂട്ടിച്ചേർത്തു.