ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനില്‍ പഞ്ചസാര സിറപ്പ് ചേര്‍ക്കുന്നതായി കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോണ്‍മെന്‍റ് ഫുഡ് ഏജന്‍സിയാണ് തേനില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ഇന്ത്യയില്‍ വില്‍ക്കുന്ന ചെറുതും വലുതുമായ 13 ബ്രാന്‍ഡുകളുടെ തേനാണ് ഗവേഷകര്‍ പരിശോധന വിധേയമാക്കിയത്. ഇതില്‍ 77 ശതമാനത്തിലും പഞ്ചസാര സിറപ്പ് അടങ്ങിയ മായം കലര്‍ന്നതായി ഇവര്‍ കണ്ടെത്തി. 22 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആകെ 5 എണ്ണം മാത്രമാണ് ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചതായി കണ്ടെത്തിയത്. പ്രമുഖ ബ്രാന്‍ഡുകളായ ദാബര്‍, പതഞ്ജലി, ബൈദ്യനാഥ്, സന്ദു, ഹിത്‌കരി, ആപിസ് ഹിമാലയ എന്നീ കമ്പനികള്‍ പരിശോധനയില്‍ പരാജയപ്പെട്ടതായി പഠനം പറയുന്നു.
ന്യൂക്ലിയര്‍ മാഗ്‌നറ്റിക് റെസണന്‍സ് ടെസ്റ്റാണ് നടത്തിയത്. പഠന ഫലം കമ്പനികളെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്‍റ് ബോര്‍ഡിലാണ് സാമ്പിളുകള്‍ ആദ്യം പരിശോധിച്ചത്. പ്യൂരിറ്റി ടെസ്റ്റില്‍ ഭൂരിഭാഗം കമ്പനികളും പാസായെങ്കിലും ന്യൂക്ലിയര്‍ മാഗ്‌നറ്റിക് റെസണന്‍സ് (എന്‍എംആര്‍) ടെസ്റ്റിലാണ് ഈ കമ്പനികളെല്ലാം പരാജയപ്പെട്ടത്. ജര്‍മനിയിലെ ലാബില്‍ 13 ബ്രാന്‍ഡുകള്‍ പരിശോധന വിധേയമാക്കിയപ്പോള്‍ 3 എണ്ണം മാത്രമേ എന്‍എംആര്‍ ടെസ്റ്റ് പാസായുള്ളു. മായം ചെയ്യുന്നത് കണ്ടെത്താതിരിക്കാന്‍ സഹായിക്കുന്ന ഫ്രക്‌ടോസ് സിറപ്പ് പരസ്യം ചെയ്യുന്ന ചൈനീസ് വെബ് പോര്‍ട്ടലുകളും കണ്ടെത്തിയെന്ന് ഏജന്‍സി അവകാശപ്പെടുന്നു.
50 മുതല്‍ 80 ശതമാനം വരെ തേന്‍ സിറപ്പുമായി ചേര്‍ക്കുന്നതായി ചൈനീസ് കമ്പനികള്‍ അറിയിച്ചെന്ന് സിഎസ്‌ഇ ഡയറക്‌ടര്‍ ജനറല്‍ സുനിത നരെയ്‌ന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന തേനില്‍ മായം ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും സുനിത നരെയ്‌ന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക ഉല്‍പാദനക്ഷമതയെയും ഇത് പരോക്ഷമായി ബാധിക്കും. രാജ്യത്ത് പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും സിഎസ്‌ഇ ആവശ്യപ്പെട്ടു.