ന്യൂഡൽഹി: കർണാടകയിലെ ഷിമോഗ ജില്ലയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്‍റെ (ആർഎഎഫ്) പുതിയ ബറ്റാലിയൻ കാമ്പസിന്‍റെ ശിലാസ്ഥാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്‌ച്ച നിർവഹിക്കും. ആർഎഫിന്‍റെ 97-ാമത്തെ ബറ്റാലിയൻ ആസ്ഥാനത്തിനായി 50.29 ഏക്കർ സ്ഥലമാണ് കർണാടക സർക്കാർ നൽകിയിരിക്കുന്നത്. ആശുപത്രി ,കേന്ദ്രീയ വിദ്യാലയം,സൈനികരുടെ ക്വാർട്ടേഴ്‌സ്,സ്റ്റേഡിയം,നീന്തൽക്കുളം എന്നിവ ഉൾപ്പെടുത്തിയാകും കാമ്പസിന്‍റെ നിർമാണം.കൂടാതെ 1,270 സൈനികർക്കും,106 വനിതാ ഉദ്യോഗസ്ഥർക്കും താമസിക്കുന്നതിനുള്ള സൗകര്യവും കാമ്പസിനുള്ളിൽ ഒരുക്കും.
പ്രതിഷേധങ്ങൾ, കലാപങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി കർണാടക, തമിഴ്‌നാട്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ബറ്റാലിയന് അധികാരപരിധി ഉണ്ടാകും. സിആർപിഎഫിന്‍റെ കീഴിൽ 1992 ലാണ് ആർഎഎഫ് ബറ്റാലിയൻ സ്ഥാപിതമായത്. 3.25 ലക്ഷത്തോളം ഉദ്യോഗസ്ഥരുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര സായുധ പൊലീസ് സേനയാണ് സിആർപിഎഫ്.