പലിശനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭവന വായ്‌പകള്‍ കൂടുതല്‍ ഭാരമേറിയത് ആകുകയാണ്. ചില ബാങ്കുകള്‍ ഭവന വായ്‌പകളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന കാര്യം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇഎംഐ വര്‍ധിപ്പിച്ച കാര്യം അവര്‍ വായ്‌പയെടുത്തവരെ ധരിപ്പിച്ചു കഴിഞ്ഞു.
റിപ്പോ റേറ്റ് ഈ സാമ്പത്തിക വര്‍ഷം മുതലാണ് റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ച് തുടങ്ങിയത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കടം കൊടുക്കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ റേറ്റ്. ഏറ്റവും അവസാനമായി 35 ബേസിസ് പോയിന്‍റാണ് റിപ്പോ റേറ്റില്‍ റിസര്‍വ് ബാങ്ക് വര്‍ധനവ് വരുത്തിയത്.
നിലവില്‍ 6.25 ശതമാനമാണ് റിപ്പോ റേറ്റ്. റിപ്പോ റേറ്റ് വര്‍ധിച്ചത് കാരണം ഭവനവായ്‌പകളുടെ പലിശ 8.75 മുതല്‍ 9 ശതമാനം വരെ എത്തിയിരിക്കുകയാണ്. പലിശ ഭാരം വലിയ രീതിയിലാണ് ഇത് വര്‍ധിപ്പിച്ചത്. വായ്‌പ തിരിച്ചടവ് കാലാവധി 20 വര്‍ഷമായിരുന്നത് 30 വര്‍ഷമായും ഇത് കാരണം വര്‍ധിച്ചിട്ടുണ്ട്.
വായ്‌പകളുടെ തല്‍സ്ഥിതി മനസിലാക്കുക: 6.75 ശതമാനം മുതല്‍ 7 ശതമാനം വരെയുള്ള കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പയെടുത്തവര്‍ക്ക് പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ഭാരം കൂടുതലായി അനുഭവപ്പെടും. വായ്‌പ തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ധിക്കുകയാണെങ്കില്‍ അത്തരത്തിലുള്ള പലിശ വര്‍ധനവ് തീവ്രതയുള്ളതായി കണക്കാക്കണം. നിങ്ങളുടെ വായ്‌പയുടെ ഏറ്റവും പുതിയ നില എന്താണ് എന്ന് അന്വേഷിക്കണം. ബാധകമായുള്ള നികുതി വര്‍ധനവ് എത്രയാണ്? തിരിച്ചടവ് കാലാവധി എത്ര വര്‍ധിച്ചു? ഇഎംഐ വര്‍ധിപ്പിക്കാനുള്ള ഓപ്ഷനുണ്ടോ? എന്നിവ നിങ്ങള്‍ അന്വേഷിക്കണം.
പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ഇഎംഐയും വായ്‌പ തിരിച്ചടവിന്‍റെ കാലവധിയും വര്‍ധിക്കുന്നു. ഉദാഹരണത്തിന് പലിശ നിരക്ക് 6.75 ശതമാനം ആയിരിക്കുമ്പോള്‍ 30 ലക്ഷം വായ്‌പയെടുത്തു എന്നിരിക്കട്ടെ. 20 വര്‍ഷമാണ് വായ്‌പ തിരിച്ചടവ് കാലാവധി.
ഇഎംഐ 22,367 രൂപയും. എന്നാല്‍ പലിശ നിരക്ക് 8.75 ശതമാനമായി വര്‍ധിക്കുമ്പോള്‍ തിരിച്ചടവ് കാലാവധി 30 വര്‍ഷമായും ഇഎംഐ 23,610 രൂപയായും വര്‍ധിക്കുന്നു. എന്നാല്‍ തിരിച്ചടവ് കാലാവധിയില്‍ വര്‍ധനയില്ലെങ്കില്‍ അപ്പോള്‍ ഇഎംഐ 26,520 രൂപയായി വര്‍ധിക്കും.
വിപണിയെ മനസിലാക്കുക: ഭവനവായ്‌പ വിപണിയെ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ നല്‍കുന്ന ധനകാര്യ സ്ഥാപനം ഏതാണെന്ന് കണ്ടെത്തണം. പലിശ നിരക്കില്‍ അരശതമാനം കുറവ് വന്നാല്‍ തന്നെ പലിശ ഭാരത്തില്‍ വലിയ കുറവാണ് അത് വരുത്തുക.
പലിശ നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ഇപ്പോള്‍ തന്നെ തയ്യാറെടുക്കുക. ഉയര്‍ന്ന പലിശയുള്ള വായ്‌പകള്‍ പെട്ടെന്ന് അടച്ച് തീര്‍ക്കുക. ഇഎംഐ കൃത്യസമയത്ത് അടയ്‌ക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് മോശമായി ബാധിക്കും. കൂടാതെ ഇഎംഐ വൈകി അടയ്‌ക്കുമ്പോള്‍ ഉള്ള അധിക ഫീസും നിങ്ങള്‍ അടയ്‌ക്കേണ്ടി വരും. തവണകള്‍ വര്‍ധിപ്പിച്ച് കൊണ്ട് ദീര്‍ഘകാല വായ്‌പകള്‍ അടച്ച് തീര്‍ക്കുന്നത് വേഗത്തിലാക്കുക. നിങ്ങളുടെ വരുമാനം വര്‍ധിക്കുന്നതനുസരിച്ച് ഇഎംഐ വര്‍ധിപ്പിക്കുന്നതാണ് ഉചിതം.