ചണ്ഡിഗഡ് : 2500 കോടി രൂപയുടെ 350 കിലോ ഹെറോയിൻ പിടിച്ച് ഡൽഹി പൊലീസ്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് മൂന്ന് പേരെയും ഡൽഹിയിൽ നിന്ന് ഒരാളെയുമാണ് പിടികൂടിയത്.
ഫരീദാബാദിൽ നിന്നും അറസ്റ്റിലായ പ്രതികൾ പഞ്ചാബ് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. വിരമിച്ച സൈനികന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഹെറോയിൻ പിടിച്ചെടുത്തത്.
പഞ്ചാബ് സ്വദേശികളായ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായ പ്രതികൾ സൈനികന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read: ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ചു; ഭർത്താവ് ഒളിവിൽ
ഫരീദാബാദിലെ സെക്‌ടർ 65ൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടമയോട് പ്രതികൾ ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന്, പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ ഫ്ലാറ്റ് ഉടമ ആവശ്യപ്പെട്ടു.
എന്നാൽ ജൂലൈ അഞ്ചിന് ഫ്ലാറ്റ് ഉടമയ്ക്ക് പണം കൈമാറിയ പ്രതികൾ രേഖകൾ ഒന്നുംതന്നെ സമർപ്പിക്കാതെ താമസം ആരംഭിക്കുകയായിരുന്നുവെന്നും പൊലീസ് സംഘം വ്യക്തമാക്കി.
ഫ്ലാറ്റിലേക്ക് പുറത്ത് നിന്നുള്ള ആരും വരില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതികൾ ഇവിടെ വാടകയ്ക്ക് നിൽക്കാൻ തീരുമാനിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തെ ജൂലൈ 10ന് രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.