ഹൈദരാബാദ്: ജീവിതത്തില്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനായി ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുകയും ഭക്ഷണ ശീലങ്ങളിലും ജീവിത രീതിയിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. ഇതെല്ലാം എന്തിനാണ് നാം ചെയ്യുന്നത്?
കൂടുതല്‍ ആരോഗ്യവാനായിരിക്കാന്‍ വേണ്ടിയെന്നാകും മിക്കവരുടെയും മറുപടി. എന്നാല്‍ നമുക്ക് എപ്പോഴെങ്കിലും ഒരു അപകടം പറ്റിയാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ചിന്തിച്ച് തുടങ്ങണം. അപകടത്തില്‍ നിന്ന് നമ്മളെ രക്ഷപ്പെടുത്താന്‍ വിവിധ ആശുപത്രികളില്‍ കയറി ഇറങ്ങേണ്ടതായി വന്നാലോ? ചികിത്സക്കായി ഏറെ സാമ്പത്തിക പ്രയാസം വരികയാണെങ്കിലോ? അതുകൊണ്ട് തന്നെ ഓരോരുത്തരും ജീവിതത്തിന് ഒരു മുന്‍ കരുതല്‍ എന്ന രീതിയില്‍ ഏതെങ്കിലുമൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്.
ഭാവി ജീവിതത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം സാമ്പത്തിക ആസൂത്രണം നടത്തിയെന്നതിന്‍റെ തെളിവാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന് പറയാം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ അത് അടിയന്തര ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് സഹായകമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ കമ്പനിയുടെ മുഴുവന്‍ നിബന്ധനകളും വ്യവസ്ഥകളും (Terms and conditions) പൂര്‍ണമായും മനസിലാക്കണം. കമ്പനിയുടെ വ്യവസ്ഥകളൊന്നും മനസിലാക്കാതെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത് അടുത്ത നിമിഷം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കരുതിയിരിക്കുന്നവരും നിരവധിയുണ്ട്. എന്നാല്‍ ചില പോളിസികള്‍ അപകടങ്ങള്‍ക്ക് മാത്രം ബാധകമുള്ളതായിരിക്കും. മറ്റ് ചിലതാകട്ടെ പ്രത്യേക രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് കമ്പനിയുടെ കാത്തിരിപ്പ് കാലാവധി പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളവയും.
കൂളിങ് ഓഫ് പിരീഡ് : ഓരോ കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും വ്യത്യസ്‌തമായിരിക്കും. ചില കമ്പനികളില്‍ പോളിസി എടുത്തവര്‍ക്ക് കമ്പനി പറയുന്ന നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാല്‍ മറ്റ് ചില കമ്പനികളില്‍ ഇത്തരം വ്യവസ്ഥകള്‍ ഉണ്ടാകണമെന്നില്ല.
ഇത്തരം നിബന്ധകളില്ലാത്തവയാണെങ്കില്‍ അടുത്ത ദിവസം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ച് തുടങ്ങും. എന്നാല്‍ കാത്തിരിപ്പ് കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസിയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പോളിസി എടുത്തയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇത്തരം പോളിസികളെ കൂളിങ് ഓഫ് പിരീഡ് എന്നാണ് അറിയപ്പെടുന്നത്.
കാത്തിരിപ്പ് കാലാവധിയുള്ള പോളിസികളില്‍ ചിലര്‍ക്ക് 2 മുതല്‍ 4 വര്‍ഷമോ അല്ലെങ്കില്‍ കുറഞ്ഞത് 30 ദിവസമോ കാത്തിരിക്കേണ്ടതായി വരും. അതിന് മുമ്പ് ചികിത്സ തേടേണ്ടി വന്നാല്‍ അവയെല്ലാം മുന്‍കാല രോഗങ്ങളായാണ് കമ്പനി കണക്കാക്കുക. ഹൈപ്പർടെൻഷൻ, പ്രമേഹം, തൈറോയ്‌ഡ്, ആസ്‌ത്മ എന്നീ രോഗങ്ങളും മുന്‍കാല രോഗങ്ങളായി കണക്കാക്കപ്പെടുന്നവ തന്നെയാണ്.
പ്രത്യേക കാത്തിരിപ്പ് കാലാവധി: ഹെർണിയ, തിമിരം, കാൽമുട്ട് മാറ്റിവയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾക്ക് ഇൻഷുറൻസ് കമ്പനികൾ പ്രത്യേക കാത്തിരിപ്പ് കാലയളവ് നിശ്ചയിക്കും. ഇത്തരം കാലാവധി ചിലപ്പോള്‍ 2 മുതല്‍ 4 വര്‍ഷം വരെയാകാന്‍ സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ പോളിസി ഡോക്യുമെന്‍റിസില്‍ ഇതിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നിങ്ങള്‍ പൂര്‍ണമായും മനസിലാക്കണം. രണ്ട് തവണയെങ്കിലും അതിനെ കുറിച്ച് വ്യക്തത വരുത്തണം.
കാത്തിരിപ്പ് കാലാവധി കുറക്കാം: ഇന്‍ഷുറന്‍സ് പോളിസികളുടെ കാത്തിരിപ്പ് കാലാവധി കുറയ്‌ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിച്ചിരിക്കുന്നവരും നിരവധിയാണ്. എന്നാല്‍ അതിനും വഴികളുണ്ട്. നിങ്ങള്‍ അടക്കുന്ന പ്രീമിയം തുകയില്‍ വര്‍ധന വരുത്തുകയാണ് വേണ്ടത്. ഇന്‍ഷുറന്‍സ് എടുക്കുന്ന കമ്പനിയേയും അതിന്‍റെ വ്യവസ്ഥകളെയും ആസ്‌പദമാക്കിയായിരിക്കും കാലാവധി കുറക്കുക. പ്രീമിയം വർധിപ്പിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം കമ്പനിയുമായി മുഴുവന്‍ കാര്യങ്ങളും വിശദമായി സംസാരിക്കണം.
ഓരോ കമ്പനിയും അവയുടെ നയങ്ങള്‍ പോളിസി ഉടമകള്‍ക്ക് വ്യക്തമായി മനസിലാക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഇൻഷുറൻസ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടണമെന്ന് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഹെഡ്-ഹെൽത്ത് അഡ്‌മിനിസ്ട്രേഷൻ ഭാസ്‌കര്‍ നെരൂർക്കർ പറഞ്ഞു. ചില ഇൻഷുറൻസ് പോളിസികള്‍ പ്രസവം, മാനസിക രോഗങ്ങള്‍ എന്നിവക്കുള്ള ചികിത്സയ്‌ക്കും പരിരക്ഷ നല്‍കും. കമ്പനികള്‍ക്കനുസരിച്ച് അതിന്‍റെ കാത്തിരിപ്പ് കാലാവധിയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ഈ വിശദാംശങ്ങളെല്ലാം പോളിസി ഡോക്യുമെന്‍റില്‍ തന്നെ വിശദമായി പരിശോധിക്കേണ്ടതാണ്.