ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദ്യൂരപ്പ ഉടൻ രാജിവയ്ക്കുമെന്ന് സൂചന. അടുത്തിടെ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി യെദ്യൂരപ്പ മുതിർന്ന ഉദ്യോഗസ്ഥർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും ഉച്ചവിരുന്ന് നൽകുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ മാസം 26ന് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന സൂചനകളും വന്നുതുടങ്ങിയത്.
Also Read: ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയും
മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ മകൻ വി.വൈ. വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്നും തനിക്ക് ബിജെപി സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നും യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
മകൻ വിജയേന്ദ്രയെ മുൻ നിർത്തി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാമെന്നും യെദ്യൂരപ്പ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം എടുത്തിരുന്നത്.