ന്യൂഡല്‍ഹി: കാര്‍ഷിക നിമയങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ രണ്ടര മാസത്തോളമായി സമരം ചെയ്യുന്നത് ആയിരക്കണക്കിന് കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ പ്രതിഷേധം നീണ്ടുപോവുകയാണ്. നാടും വീടും ഉപേക്ഷിച്ച് കൊടുംതണുപ്പിലും ഉള്ളിലെ സമരത്തിന്‍റെ തീ അണയാതെ പ്രതിഷേധിക്കുന്ന സിംഘു അതിര്‍ത്തിയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും ദിവസവും എത്തുന്നത് നിരവധി വാഹനങ്ങളാണ്.
സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ നെയ്യ്, പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാണ് ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്നും എത്തിക്കുന്നത്. 'ഞങ്ങള്‍ക്ക് ഇവരെ കാണാന്‍ വെറും കൈയ്യോടെ വരാന്‍ താല്‍പര്യമില്ല അതിനാല്‍ ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഞങ്ങളാല്‍ കഴിയും വിധം ഇവിടെ എത്തിക്കുന്നുവെന്ന് മാത്രം' ഹരിയാന മഹേന്ദ്രഗ്രാഹ് സ്വദേശി മനീഷ് കുമാര്‍ പറഞ്ഞു. ഞങ്ങള്‍ എന്നും കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുമെന്നും ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവരോടും കര്‍ഷകരെ സഹായിക്കാന്‍ തായ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും മനീഷ് കുമാര്‍ പറഞ്ഞു.
ദിവസവും രാവിലെ ട്രാക്ടര്‍ നിറയെ സാധനങ്ങളുമായി സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നിരവധി പേരാണ് സിംഘുവിലെ സമര ഭൂമിയിലേക്ക് എത്തുന്നത്. ദിവസം മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പം ചിലവഴിച്ച് വൈകിട്ടോടെ ഇവര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകും. എല്ലാ പഞ്ചായത്തുകളിലും പ്രത്യേക സംഘങ്ങളെ കര്‍ഷകരെ സഹായിക്കാന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ സജ്ജീകരിച്ചിട്ടുമുണ്ട്.