ഗുരുഗ്രാം : ഹരിയാനയിലെ നൂഹ് ജില്ലയിൽ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രയ്ക്കിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ രണ്ട് ഹോം ഗാർഡുമാര്‍ വെടിയേറ്റ് മരിച്ചു. ഖേദാലി ദൗല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നീരജ്, ഗുർസേവക് എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ 12 ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ രണ്ട് ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിർത്തിവച്ചു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിൽ കോളജുകളും കോച്ചിങ് സെന്‍ററുകളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്‍റുകൾക്ക് ജില്ല ഭരണകൂടം നിർദേശം നൽകി. ജില്ല മജിസ്‌ട്രേറ്റ് നിഷാന്ത് കുമാർ യാദവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്‌ചയാണ് ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നടത്തിയ റാലിക്കിടെ കല്ലേറുണ്ടായത്. പിന്നാലെ ഗുരുഗ്രാം - ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയുമായിരുന്നു. റാലി ഒരു സംഘം തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയില്‍ നിന്ന് വിഎച്ച്‌പി പ്രവര്‍ത്തകര്‍ ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പൊലീസിന് നേരെ കല്ലേറുമുണ്ടായി. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
അതേസമയം ഗുരുഗ്രാമിൽ നിന്ന് മേവാത്തിലേക്ക് മാർച്ച് ചെയ്യുമ്പോഴാണ് ജനക്കൂട്ടം പൊലീസ് സംഘത്തെ ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് നൂഹ് ആക്‌ടിങ് എസ്‌പി നരേന്ദർ ബിജാർനിയ പറയുന്നതിങ്ങനെ- ഇന്നത്തെ സംഭവം ദൗർഭാഗ്യകരമാണ്. നൂഹിലെ സ്ഥിതി നിയന്ത്രണവിധേയമാണ്.
ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ഏറ്റുമുട്ടലിനിടെ ചില സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വിശകലനം ചെയ്‌ത് വരികയാണ്. ചിലരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്' - നരേന്ദർ ബിജാർനിയ പറഞ്ഞു.
അതേസമയം ജനങ്ങൾ സമാധാനം നിലനിർത്തണമെന്ന് നുഹ് ഡെപ്യൂട്ടി കമ്മിഷണർ പ്രശാന്ത് പൻവാർ അഭ്യർഥിച്ചു. 'പൊലീസ് വിഷയം അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചു. ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ ഉത്തരവുകൾ നൽകിയിട്ടുമുണ്ട്.
സമാധാനം നിലനിർത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുന്നു. ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ പലയിടങ്ങളിലായി അഭയം തേടിയ ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ സാധാരണ നിലയിലാകാന്‍ വേണ്ടി ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട് - പ്രശാന്ത് പൻവാർ വ്യക്‌തമാക്കി.
ഓഗസ്റ്റ് രണ്ട് വരെ ജില്ലയിൽ ഇന്‍റർനെറ്റ് നിരോധനം തുടരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്‍റർനെറ്റ് നിരോധനത്തിന് ഉത്തരവിട്ടതെന്ന് ഹരിയാന സർക്കാർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്‌തമാക്കി.