ഗാന്ധിനഗര്‍ (ഗുജറാത്ത്) : കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ഗുജറാത്ത് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ഇനി മുതല്‍ ബിജെപിക്കൊപ്പം. 'ഇന്ന് മുതൽ ഒരു പുതിയ അധ്യായം തുടങ്ങാൻ പോകുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുന്നതിനായി ബിജെപിയിലെ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2017ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പട്ടീദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതോടെയാണ് ഹാർദിക് പട്ടേല്‍ രാഷ്ട്രീയത്തില്‍ സജീവമായത്.
തുടക്കത്തിൽ, പട്ടേൽ പാട്ടീദാർ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യത്തിലേക്കെത്തി. വിഷയത്തില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഹാർദിക് പ്രക്ഷോഭം ഉണ്ടാക്കുന്നുവെന്നാരോപിച്ച് കെസെടുത്തു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പട്ടേൽ കോൺഗ്രസിൽ ചേർന്നു.
Also Read ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്; ജൂണ്‍ 2ന് അംഗത്വമെടുക്കും
തുടർന്ന്, 2020ൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്‍റായി അദ്ദേഹത്തെ നിയമിച്ചു. എന്നാല്‍ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കോൺഗ്രസ് നേതൃത്വം തന്നെ മാറ്റിനിർത്തുകയാണെന്നാരോപിച്ച് മെയ് 19ന് അദ്ദേഹം പാർട്ടി വിട്ടു. ഹാര്‍ദിക്കിനെതിരെ രജിസ്റ്റർ ചെയ്‌ത രാജ്യദ്രോഹ കേസുകളിൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഭയന്നാണ് പട്ടേൽ പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് ഗുജറാത്ത് കോൺഗ്രസ് നേതാവ് ജഗദീഷ് താക്കൂർ ആരോപിച്ചു.
രാജിക്ക് പിന്നാലെ ഹാര്‍ദിക് നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നതിന് സൂചന നല്‍കിയിരുന്നു. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹാർദിക്കിന്‍റെ ബിജെപിയിലേക്കുള്ള പ്രവേശനം രാഷ്ട്രീയ ലോകം പ്രാധാന്യത്തോടെയാണ് കാണുന്നത്.