ന്യൂഡല്‍ഹി : ഉറക്കത്തില്‍ നമ്മള്‍ എങ്ങിനെ ശ്വസിക്കുന്നുവെന്ന് പൊതുവേ ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ നമ്മുടെ ഓര്‍മ്മയും ഉറക്കത്തിലെ ശ്വാസോച്ഛാസവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സമീപ കാല പഠനം. നമ്മുടെ തലച്ചോറില്‍ ഓര്‍മ്മകള്‍ ക്രോഡീകരിക്കുന്നതില്‍ ഉറക്കത്തിലെ ശ്വാസോച്ഛ്വാസത്തിന് വലിയ പങ്കുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-ജര്‍മ്മന്‍ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഉറക്കത്തിലെ താളക്രമം തലച്ചോറിനെ ഉത്തേജിപ്പിച്ച് വിശ്രമ വേളകളില്‍ ഓര്‍മ്മകളെ ഉണര്‍ത്തി വിടുന്നുവെന്ന് നേരത്തേ തന്നെ പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. ഈ താളക്രമം ശ്വാസോച്ഛ്വാസത്തിന്‍റേതാണെന്നാണ് ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്.
"ഉണര്‍ന്നിരിക്കുമ്പോഴത്തെ ശ്വാസ ഉഛ്വാസവും തിരിച്ചറിയല്‍ ശേഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തേ നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതില്‍ ഉറക്കത്തിനിടയിലെ ശ്വാസോച്ഛാസത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി." -ഗവേഷണത്തിന് നേതൃത്വം നല്‍കിയ തോമസ് ഷ്രെയ്‌നര്‍ പറയുന്നു.
20 പേരെ വെച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്.ഏതാനും വാക്കുകളുമായി ബന്ധപ്പെട്ടുള്ള 120 ചിത്രങ്ങള്‍ നല്‍കിയ ശേഷമാണ് ഇവരുടെ ഓര്‍മ്മ ശക്തി പരിശോധിച്ചത്. രണ്ടു ഘട്ടങ്ങളിലായി ചിത്രങ്ങളും വാക്കുകളും നല്‍കിയ ശേഷം ലാബില്‍ത്തന്നെ ഇവരെ രണ്ട് മണിക്കൂര്‍ ഉറങ്ങാന്‍ അനുവദിച്ചു. ഈ സമയത്ത് ശാസ്ത്രജ്ഞര്‍ അവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ശ്വാസോച്ഛ്വാസവും നിരീക്ഷിച്ചു. ഉണര്‍ന്നപ്പോള്‍ ഇവരോട് ചിത്രത്തെയും ആ വാക്കുകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉറക്കത്തില്‍, അവര്‍ നേരത്തെ കണ്ട കാര്യങ്ങള്‍ തലച്ചോറില്‍ ഉണര്‍ന്നിരിക്കുന്നുവെന്ന് ഈ നിരീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കാനായി. നല്ല ഓര്‍മ്മശക്തിക്ക് നല്ല ഉറക്കം അത്യന്താപേക്ഷിതമാണെന്ന നിഗമനത്തിലേക്കാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
ഉറങ്ങുമ്പോള്‍ ശ്വാസഗതി കാരണം ഉണ്ടാകുന്ന തലച്ചോറിലെ കമ്പനങ്ങള്‍ കുട്ടിക്കാലത്തെക്കാള്‍ കൗമാരകാലത്ത് കൂടുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ക്രമേണ ഇവ കുറയുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Also read:ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ? ബ്രെയിന്‍ ഫോഗിങ് തിരിച്ചറിയാം; അവഗണിക്കരുത് ലക്ഷണങ്ങളെ
ബ്രെയിന്‍ ഫോഗ്: കൊവിഡ് വൈറസിന്‍റെ പ്രകടമായ പാര്‍ശ്വഫലങ്ങളിലൊന്നാണ് ബ്രെയിന്‍ ഫോഗ്. ഓര്‍മക്കുറവ്, ഏകാഗ്രത ഇല്ലായ്‌മ തുടങ്ങിയതാണ് ലക്ഷണങ്ങള്‍. ചിട്ടയില്ലാത്ത ജീവിത രീതിയും ഇതിന് കാരണമാകും. അല്‍ഷിമേഴ്‌സിന്‍റെ പ്രാരംഭ ലക്ഷണമായും ഇതിനെ കണക്കാക്കാം.ഇന്നലെ നിങ്ങള്‍ കഴിച്ച ഭക്ഷണം ഏതാണ്? അല്ലെങ്കില്‍ ധരിച്ച വസ്‌ത്രം ഏതായിരുന്നു? ഓര്‍ത്തെടുക്കാന്‍ പ്രയാസമുണ്ടോ? പ്രായം വര്‍ധിക്കും തോറും മിക്ക ആളുകളിലും സാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് മറവി. എന്നാല്‍ ചെറുപ്രായത്തില്‍ ചിലരില്‍ ഇത്തരം ഓര്‍മ്മ കുറവ് വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കാറുണ്ട്.
ബ്രെയിന്‍ ഫോഗിങ് എന്നാണ് ഇത്തരം അവസ്ഥ അറിയപ്പെടുന്നത്. ബ്രെയിന്‍ ഫോഗിങ് എന്നത് ഒരു രോഗമല്ല. വിവിധ കാരണങ്ങളാൽ തലച്ചോറിന്‍റെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് കുറയുന്ന അവസ്ഥയാണിത്. ബുദ്ധിമാന്ദ്യം, ഓര്‍മ്മ കുറവ്, ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥ, ഏകാഗ്രത പ്രശ്‌നങ്ങള്‍, ചിന്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുക തുടങ്ങിയവയെല്ലാം ബ്രെയിന്‍ ഫോഗിങിന്‍റെ ഭാഗമായി കാണപ്പെടാറുണ്ട്.
നേരത്തെ 40 വയസിനും 50 വയസിനും ഇടയിലുള്ളവരിലാണ് കൂടുതലായി ഈ അവസ്ഥ കണ്ടിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിരവധി പേരിലാണിപ്പോള്‍ ബ്രെയിന്‍ ഫോഗിങ് കാണപ്പെടുന്നത്. കൊവിഡ് ബാധിച്ച ഒരാളുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയും. ഇത്തരത്തില്‍ ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം നാഡീ സംബന്ധമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും അത് ബ്രെയിന്‍ ഫോഗിങിന് കാരണമാകുകയും ചെയ്യും.