ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് പരോൾ അനുവദിച്ച കോടതി ഉത്തരവ് വിവാദമാകുന്നു. റാം റഹീമിന്റെ പരോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എച്ച് സി അറോറ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. റാം റഹീമിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഉടന്‍ ആരംഭിക്കും.
റാം റഹീമിന്‍റെ പരോള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാരിന് നേരത്തെ അറോറ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ബലാത്സംഗം, കൊലപാതകം തുടങ്ങയ കേസുകളില്‍ പ്രതിയായ ഗുര്‍മീത് റാം റഹീം യൂട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും ഇത് ഇയാളുടെ ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കുമെന്നും അറോറ അയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു. ഇയാളുടെ വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യിക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.