ഗുജറാത്ത്: ബിജെപിയിലെ യുവജന വിഭാഗത്തില്‍ തസ്തികകള്‍ വഹിക്കുന്നതിനുള്ള പ്രായപരിധി 35 ആയി നിജപ്പെടുത്തി. പുതിയ നിയമം ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. നിയമം നടപ്പാക്കിയതോടെ പാർട്ടിയുടെ യുവജന വിഭാഗത്തിലെ മൂന്ന് ഭാരവാഹികള്‍ രാജിവെക്കാൻ അപേക്ഷ നൽകി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന നിയമവും പുറപ്പെടുവിച്ചു.
തീരുമാനത്തിന് പിന്നില്‍?
35 വയസിന് താഴെയുള്ളവർക്ക് പ്രധാന ഉത്തരവാദിത്തം നൽകാൻ ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആർ പാട്ടീൽ തീരുമാനിക്കുകയായിരുന്നു. 18 വയസിന് മുകളിലുള്ള യുവാക്കൾ ബിജെപിയുടെ ദേശീയ പ്രത്യയശാസ്ത്രവുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക, 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളും നേടുക എന്നീ പാട്ടിലിന്‍റെ ലക്ഷ്യം കൈവരിക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആർ പാട്ടീലിന്‍റെ നേതൃത്വത്തിൽ യുവജന വിഭാഗത്തിന്‍റെ പുതിയ പ്രസിഡന്‍റ് പ്രശാന്ത് കോരട്ട് വിവിധ ജില്ലകളിലും മെഗാ നഗരങ്ങളിലുമുള്ള യൂത്ത് വിങ് യൂണിറ്റുകൾക്കായി ഭാരവാഹികളെ നിയമിക്കുകയാണ്. പാർട്ടിയുടെ 41 യൂത്ത് വിങ് യൂണിറ്റുകളിലും 35ഓളം ജില്ലകളിലും നഗരങ്ങളിലുമാണ് നിയമനം നടത്തുന്നത്.
Read Also.............ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പില്‍ മുഴുവൻ സീറ്റിലും എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഈ നിയമം രാജ്യമെമ്പാടും ഉണ്ടെന്നും ഞങ്ങൾ ഇത് ഇവിടെ കർശനമായി നടപ്പിലാക്കുന്നുവെന്നുമായിരുന്നു യുവജന വിഭാഗത്തിന്‍റെ പ്രായപരിധി നിയമത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ പാട്ടിൽ പറഞ്ഞത്. മറ്റുള്ളവർ ഇത് നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നത് തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരുമാനം നടപ്പാക്കി രാജി
ഇപ്പോൾ വടക്കൻ മേഖലയിലെ സബർകന്ത, അരവല്ലി ജില്ലകളിൽ പുതിയ യുവജന മുന്നണികൾ രൂപീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു അംഗത്തിനും 35 വയസ് കവിയുന്നില്ല.അതുപോലെ ശേഷിക്കുന്ന മെഹ്സാന, പാടൻ, ബനസ്‌കന്ത ജില്ലകളിലും ഒരു യുവജന മുന്നണി ഈ തീരുമാനം അനുസരിച്ച് രൂപീകരിക്കും.
ഈ തീരുമാനത്തെത്തുടർന്ന്, രാജ്കോട്ട് സിറ്റി യൂണിറ്റിൽ നിന്ന് രണ്ടും, നവസാരി ജില്ലാ യൂണിറ്റിൽ നിന്ന് ഒരാളും 35 വയസ്സിന് മുകളിലുള്ളവരാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂന്ന് പേരും സ്വമനസോടെ രാജിവച്ചതായാണ് റിപ്പോർട്ട്. മെയ് മാസത്തിൽ പാർട്ടിയുടെ യുവജന വിഭാഗത്തിലെ രാജ്കോട്ട് സിറ്റി യൂണിറ്റിന്‍റെ പ്രസിഡന്‍റായി നിയമിതനായ പ്രൂത്വിസിങ് വാലയാണ് അതിലൊരാൾ. 36 വയസ്സിന് മുകളിലുള്ള വാലയെ മെയ് അവസാനമാണ് യുവജന വിഭാഗത്തിലേക്ക് നിയമിച്ചത്.