ഗാന്ധിനഗര്‍: ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ നിലവിലെ സാഹചര്യവും തയ്യാറെടുപ്പുകളും വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി മന്ത്രിമാരെ ബരൂച്ചിലേക്ക് വിളിപ്പിച്ചു. ദുരന്ത നിവാരണ വകുപ്പ് മന്ത്രി ദിലീപ്‌കുമാര്‍ ഠാക്കുര്‍, വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ് ചുദസമ, ടൂറിസം ആന്‍ഡ് ഫിഷറീസ് വകുപ്പ് മന്ത്രി ജവഹര്‍ഭായി ചവ്ട, മന്ത്രിമാരായ വസന്‍ഭായി അഹിര്‍, ധര്‍മേന്ദ്രസിങ് ജഡേജ, കുന്‍വര്‍ജിഭായ് ബവ്‌ലിയ, വിഭാവരി ദേവി, ആര്‍.സി ഫാല്‍ഡു, കിഷോര്‍ കണാനി, രമന്‍ഭായി പട്‌കര്‍, ഈശ്വര്‍ഭായി പര്‍മാര്‍, ഈശ്വര്‍സിങ് പട്ടേല്‍ എന്നിവരോട് ഉടന്‍ ബറൂച്ചില്‍ എത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Read more: ടൗട്ടെ ചുഴലിക്കാറ്റ് മെയ് 18ന് രാവിലെ ഗുജറാത്ത് തീരം തൊടും
വാര്‍ത്താവിനിമയ ശൃംഗല, റോഡുകള്‍, വൈദ്യുതി വിതരണം എന്നി വിഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ റോഡ്‌സ് ആന്‍ഡ് ബില്‍ഡിങ്സ് ഡിപ്പാര്‍ട്ട്മെന്‍റിനും വനം വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് മൂലം പെട്ടെന്ന് മരങ്ങൾ വീഴുകയോ മറ്റോ സംഭവിച്ചാല്‍ വൈദ്യുതി വിതരണം ഉള്‍പ്പെടെ വേഗത്തിൽ പുനസ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദേശം. ഓക്‌സിജന്‍ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ സംഭരണവും അടിയന്തര ദ്രുതപ്രതികരണ സംഘവും സംസ്ഥാനത്തെ ഓരോ ജില്ലയിലും രൂപീകരിച്ചിട്ടുണ്ട്.
Read more: ടൗട്ടെ : ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയില്‍വേ
ടൗട്ടെ ചുഴലിക്കാറ്റ് ഞായറാഴ്‌ചയോടെ ശക്‌തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ (ഐഎംഡി) മുന്നറിയിപ്പ്. കിഴക്കൻ-മധ്യ, തെക്കുകിഴക്കൻ അറേബ്യൻ കടലിലും കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. മെയ് 17 മുതല്‍ വടക്കുകിഴക്കൻ അറേബ്യൻ കടലിലും ഗുജറാത്ത് തീരത്തും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു.