അഹമ്മദാബാദ് (ഗുജറാത്ത്) : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെട്ടിലാക്കി ഗുജറാത്തിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ്‌സിൻഹ് വഗേല പാർട്ടിയിൽ നിന്ന് രാജിവച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പ്രദീപ്‌സിൻഹ് വഗേല രാജി വച്ചത്. കുറച്ച് ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നാണ് രാജി വച്ചശേഷം വഗേല പ്രതികരിച്ചത്. അതേസമയം വ്യക്‌തിപരമായ കാരണങ്ങൾ കാരണമാണ് വഗേല രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വം വ്യക്‌തമാക്കിയിരിക്കുന്നത്.
അതേസമയം ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലും വഗേലയും തമ്മിൽ ഭിന്നതയുണ്ടെന്ന് ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് രാജി പ്രഖ്യാപനം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രദീപ്‌സിൻഹ് വഗേലയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് തന്നെ താൻ രാജി സമർപ്പിച്ചതായി വഗേല വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു
അതേസമയം വഗേല തന്‍റെ തീരുമാനത്തിൽ വ്യക്‌തിപരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചതെന്നും ഇപ്പോൾ അത് ഔദ്യോഗികമായി പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ബിജെപി ഗുജറാത്ത് ജനറൽ സെക്രട്ടറി രജനി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍ പാട്ടീലിനെതിരെ ദക്ഷിണ ഗുജറാത്തില്‍ നിന്ന് വിമത നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വഗേലക്കും ഇതില്‍ പങ്കുണ്ടെന്ന തരത്തിൽ പ്രധാന ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്‍റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നേരത്തെ ദക്ഷിണ ഗുജറാത്തിൽ നിന്നും സൂറത്ത് ക്രൈം ബ്രാഞ്ച് മൂന്ന് പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു.
ചൗര്യസി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ സന്ദീപ് ദേശായിയായിരുന്നു പരാതി നൽകിയിരുന്നത്. ഇതിന് പിന്നാലെ ഗ്രൂപ്പ് വഴക്കും ശക്‌തമായിരുന്നു. തുടർന്ന് 2023 ഏപ്രിലിൽ മറ്റൊരു ജനറൽ സെക്രട്ടറിയായിരുന്ന ഭാർഗവ് ഭട്ടിനെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപ്‌സിൻഹ് വഗേലയുടെ രാജി.
ഗുജറാത്തിലെ സാനന്ദിലെ ബക്രാന ഗ്രാമത്തിൽ നിന്നുള്ള പ്രദീപ്‌സിൻഹ് വഗേല 2016 ഓഗസ്റ്റ് 10നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 2020 നവംബറിൽ ഗുജറാത്ത് ബിജെപി അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള സുപ്രധാന ചുമതലകൾ നൽകിയിരുന്നു. ജിഎച്ച്‌എംസി തെരഞ്ഞെടുപ്പിന്‍റെ കോ- ഇൻചാർജ് എന്ന നിലയിലും വഗേല ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചിരുന്നു.
2024ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വഗേലയുടെ രാജി ബിജെപിക്കും തിരിച്ചടിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗുജറാത്തിൽ ബിജെപി 'മഹാ ജൻ സമ്പർക്ക് അഭിയാൻ' എന്ന പേരിൽ പ്രചരണം ആരംഭിച്ചിരുന്നു. ഗുജറാത്തിലെ വ്യവസായികൾ, വിവിധ മേഖലകളിലെ വിദഗ്‌ധർ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ജനങ്ങളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. ഇത്തരത്തിൽ 100 സംഗമങ്ങളായിരുന്നു ബിജെപി നടത്തിയത്.