അഹമ്മദാബാദ്: പാകിസ്ഥാൻ ഏജൻസിയുടെ ചാരനായി പ്രവർത്തിച്ചിരുന്നയാളെ ഗുജറാത്ത് പൊലീസിന്‍റെ ആന്‍റി ടെററിസം സ്‌ക്വാഡ് (Anti Terrorism Squad-ATS) താരാപൂർ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്‌തു (Gujarat ATS Arrests Spy). കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഗുജറാത്ത് എടിഎസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പ്രതീക്ഷിക്കുന്നു.
ആനന്ദിൽ നിന്നുള്ള ചാരവൃത്തി ഏജന്‍റെന്ന് സംശയിക്കുന്ന പ്രതി ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ചതായി കണ്ടെത്തി. ഏറെ നാളായി ഗുജറാത്ത് എടിഎസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ ഇയാൾ ഹാക്ക് ചെയ്യാറുണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്‌ത ശേഷം അത് പാകിസ്ഥാൻ ഏജൻസിക്ക് ചോർത്തുക പതിവായിരുന്നു. ഇതോടൊപ്പം ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തു. പ്രതിക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അവരുമായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഇയാൾ ഇതുവരെ പാകിസ്ഥാനുമായി പങ്കുവച്ച വിവരങ്ങൾ എന്താണെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ആർമി സ്‌കൂളിൽ പഠിക്കുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളെയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തൽ. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഗുജറാത്ത് എടിഎസ് ഇയാളുടെ കസ്റ്റഡി പൊലീസിന് കൈമാറാനാണ് സാധ്യത.
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി ചൈനീസ് പൗരൻ പിടിയില്‍: ബിഹാറിലെ കിഷൻഗഞ്ചിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വച്ച് ശാസ്ത്ര സീമ ബൽ (എസ്എസ്ബി) ജവാൻമാർ പിടികൂടിയ ചൈനീസ് പൗരനെ ചാരനെന്ന് സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ ഡാർജിലിംഗിലെ വിലാസത്തിലുള്ള ഇന്ത്യൻ പാസ്‌പോർട്ട് പൊലീസ് കണ്ടെടുത്തുവെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. കൂടാതെ ചൈനീസ് വിസ, 1.43 ലക്ഷം, 62,000 രൂപയുടെ ഇന്ത്യനും നേപ്പാൾ കറൻസി നോട്ടുകളും ചില രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. പാസ്‌പോർട്ടില്‍ ഗോംബോ തമാങ് എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്.
വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 12) വൈകുന്നേരം കിഷൻഗഞ്ചിലെ താക്കൂർഗഞ്ച് വാട്ടർ ടാങ്കിന് സമീപമുള്ള അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംശയാസ്‌പദമായി ചൈനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് എസ്എസ്ബി ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്‌തു. ഇന്ത്യൻ പാസ്‌പോർട്ടും ചൈനീസ് വിസയും കറൻസി നോട്ടുകളും ഇയാൾ കൈവശം വച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡാർജിലിംഗ് പൊലീസ് ഇയാളുടെ പാസ്‌പോർട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. അതിൽ കൊടുത്തിരിക്കുന്ന വിലാസവും തെറ്റാണെന്ന് കണ്ടെത്തി. ഇത് ഇന്ത്യയിലേക്ക് കടക്കാനുള്ള ഉദ്ദേശത്തെക്കുറിച്ച് സംശയം ഉളവാക്കി. ഈ കാരണത്താലാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതിർത്തിയിലെ ഔട്ട്‌പോസ്റ്റിലെ എസ്എസ്ബി ഉദ്യോഗസ്ഥർക്ക് 40,000 രൂപ കൈക്കൂലി നൽകാൻ ഇയാൾ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ ചൈനീസ് പൗരനാണെന്ന് സ്ഥിരീകരിച്ചതായി എസ്എസ്ബി ഓഫീസർ എൽടി തമാങ് പറഞ്ഞു. ചാരനാണെന്ന് സംശയിച്ച് എസ്എസ്ബി ഇയാളെ അറസ്റ്റ് ചെയ്‌തു. തുടർ നടപടികൾക്കായി പശ്ചിമ ബംഗാളിലെ ഖോഡിബാരി പൊലീസിന് കൈമാറി.