അഹമദാബാദ്: തെരഞ്ഞെടുപ്പുകള്‍ പണമൊഴുക്കിന്‍റെ കൂടി വേദികളാണെന്നതില്‍ സംശയമില്ല. ഭരണത്തിലിരുന്നവര്‍ തുടര്‍ഭരണത്തിനും, പ്രതിപക്ഷത്തിരുന്നവര്‍ തിരികെ കയറാനുമെല്ലാം പണം വാരി എറിയുമ്പോള്‍ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി എതിര്‍ക്കുകയും ഇവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാറുണ്ട്. ഇല്ലാത്ത പണമെറിഞ്ഞ് പദവിയെലെത്തി ചെലവഴിച്ച തുക തിരികെപ്പിടിക്കാമെന്ന 'മികച്ച പ്ലാനില്‍' തെരഞ്ഞെടുപ്പിനെ നേരിടുന്നവരും കുറവല്ല.
പാവം കോടീശ്വരന്‍: എന്നാല്‍ ഇവരില്‍ നിന്ന വ്യത്യസ്തനാണ് ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ഥി ജയന്തിഭായ് സോമഭായ് പട്ടേല്‍. കാരണം കാശെറിഞ്ഞ് കാശുണ്ടാക്കേണ്ട ബുദ്ധിമുട്ട് അദ്ദേഹത്തിനില്ല. ഗുജറാത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചവരില്‍ ഏറ്റവും സമ്പന്നനാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ഷന്‍ കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ജയന്തിഭായ് സോമഭായ് പട്ടേല്‍ താനൊരു 'പാവപ്പെട്ട കോടീശ്വരനാണെന്ന്' അറിയിച്ചത്. ഗുജറാത്തിലെ മന്‍സ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇദ്ദേഹത്തിന് ആകെ മൊത്തം 661 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നാണ് രേഖകളിലുള്ളത്.
ആദ്യ പത്തിലെ ബിജെപി: പട്ടേലിന് പിന്നിലായി ബിജെപിയുടെ തന്നെ ഗാന്ധിനഗര്‍ സീറ്റിലെ സ്ഥാനാര്‍ഥി ബല്‍വന്ത് സിന്‌ഹ് ചന്ദന്‍സിന്ഹ് രജ്‌പുതാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന് ആകെ 343 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. ഇവരെക്കൂടാതെ വിജയ്‌പുര്‍ മണ്ഡലത്തില്‍ ജനവിധി തോടിയ രാമന്‍ഭായ് ഡി.പട്ടേല്‍ 95 കോടി രൂപയുടെ ആസ്‌തിയുമായും, 61 കോടി രൂപയുടെ ആസ്‌തിയുമായി ദസ്‌ക്‌റോയ് മണ്ഡലത്തിലെ ബാബുഭായ് ജമ്‌നദാസ് പട്ടേലും, 46 കോടി രൂപയുടെ ആസ്‌തിയുമായി ആനന്ദ് മണ്ഡലത്തില്‍ നിന്നുള്ള യോഗേഷ് ആര്‍.പട്ടേലുമാണ് ധനികരായ സ്ഥാനാര്‍ഥികളുടെ ആദ്യപത്തിലുള്ള മറ്റ് ബിജെപി നേതാക്കള്‍. മാത്രമല്ല ഈ അഞ്ച് ധനിക സ്ഥാനാര്‍ഥികളുടെ ആസ്‌തി മാത്രം പരിഗണിച്ചാല്‍ അത് 1235 കോടി രൂപയുടെ മുകളില്‍ വരും.