ന്യൂഡൽഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം തികഞ്ഞ അശ്രദ്ധയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ല, എന്നാൽ കേന്ദ്രം അമിത ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ ഇന്ത്യയിൽ വ്യാപിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഇന്ത്യയിൽ സാർസ്-കോവി-2ന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം നാല് പേരിലും ബ്രസീലിയൻ വകഭേദം ഒരാളിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 11,610 പുതിയ കേസുകളുമായി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ബുധനാഴ്ച 1,09,37,320 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. 1,06,44,858 ആണ് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം.