ഗയ (ബിഹാർ) : ബിഹാറിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെയാണ് കൽക്കരിയുമായി വന്ന ട്രെയിൻ പാളം തെറ്റിയത്. ബിഹാറിലെ ഗയ ജില്ലയിലെ ഗുർപ സ്‌റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
അപകടത്തെത്തുടർന്ന് ഗയ - കോഡെർമ റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. ട്രെയിനിന്‍റെ ബ്രേക്ക് തകരാറായതാണ് അപകട കാരണമെന്നാണ് വിവരം. 58 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്‍റെ 53 എണ്ണവും പൂർണമായി നശിച്ചു.
ഹസാരിബാഗിനും ദാദ്രി നാഷണൽ തെർമൽ പവർ കോർപ്പറേഷനും ഇടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരട്ടപാതയിലെ രണ്ട് ലൈനുകളിലും ഗതാഗതം തടസപ്പെട്ടതോടെ ബിഹാറിലൂടെ കടന്നുപോവുന്ന കൊല്‍ക്കത്ത- ഡല്‍ഹി പാതയിലെ പല സര്‍വിസുകളും റദ്ദാക്കി.
നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നും ഗയ റെയിൽവേ സ്‌റ്റേഷൻ മാനേജർ ഉമേഷ് കുമാർ പറഞ്ഞു.