ചെന്നൈ: എഞ്ചിനീയറായ ഗോകുല്‍ രാജിന്‍റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി. ദുരഭിമാന കൊലപാതക കേസില്‍ തീരൻ ചിന്നമലൈ ഗൗണ്ടർ പേരവൈ പാര്‍ട്ടി നേതാവ് യുവരാജ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കോടതി ജീവപര്യന്തം ശരിവച്ചത്. 2015 ജൂൺ 24നാണ് കൊങ്കു വേലലാര്‍ സമുദായത്തിൽപ്പെട്ട സ്വാതി എന്ന പെണ്‍കുട്ടിയെ പ്രണയിച്ചതിന് സേലം ജില്ലയിലെ ഒമലൂര്‍ സ്വദേശിയായ ഗോകുല്‍ രാജ് ക്രൂരമായി കൊല്ലപ്പെടുന്നത്. ശരീരവും തലയും വേര്‍പ്പെട്ട നിലയില്‍ പിന്നീട് നാമക്കല്‍ ജില്ലയിലെ പള്ളിപാളയത്തെ റെയിൽവേ ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുക്കുന്നത്.
കേസിന്‍റെ നാള്‍വഴികള്‍: കേസില്‍ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ യുവരാജ് ഉൾപ്പെടെ 10 പ്രതികള്‍ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാല്‍ കേസില്‍ അഞ്ചുപേരെ വെറുതെവിട്ടത് ചോദ്യം ചെയ്‌ത് ഗോകുൽ രാജിന്‍റെ അമ്മയും അപ്പീൽ നൽകിയിരുന്നു. ഈ ഹര്‍ജികളില്‍ ജസ്‌റ്റിസുമാരായ എംഎസ് രമേഷ്, എൻ ആനന്ദ് വെങ്കിടേഷ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വാദം പുരോഗമിച്ചത്.
കേസിന്‍റെ ഭാഗമായി പിടിച്ചെടുത്ത നിരീക്ഷണ ക്യാമറ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് തെളിവുകളുടെ ശേഖരണത്തിലെ പിഴവുകളുണ്ടായതായി യുവരാജിനും മറ്റ് പ്രതികള്‍ക്കുമായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ തെളിവുകളില്ലെന്നും ഇലക്‌ട്രോണിക് തെളിവുകളിൽ കൃത്രിമം നടന്നിരിക്കാമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഗോകുൽ രാജിന്‍റെ കൊലപാതകം വളരെ ആസൂത്രിതമാണെന്ന് പ്രോസിക്യൂഷൻ സാക്ഷികളും കൊലപാതകത്തില്‍ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.
ജീവപര്യന്തത്തിലേക്ക്: ഇതിനിടെ കാമുകിയായ സ്വാതിയുമൊന്നിച്ച് 2015 ജൂണ്‍ 23ന് ഗോകുല്‍ രാജിനെ അവസാനമായി കണ്ടെന്ന് വിശ്വസിക്കപ്പെടുന്ന തിരുച്ചെങ്കോട് അർധനാരീശ്വര ക്ഷേത്രത്തിൽ ജസ്‌റ്റിസുമാരായ എംഎസ് രമേശും എൻ ആനന്ദ് വെങ്കിടേഷും പരിശോധന നടത്തിയിരുന്നു. ജൂണ്‍ 24ന് ഗോകുൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയ റെയിൽവേ ട്രാക്കും ഇവര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് വാദങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഹർജികളിൽ വിധി പറയുന്നത് തിയതി വ്യക്തമാക്കാതെ പ്രത്യേക കോടതി ഫെബ്രുവരി 23ലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് പ്രതികള്‍ക്കെതിരെ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
അവസാനിക്കുന്നില്ല ദുരഭിമാന കൊല: അടുത്തിടെ തെലങ്കാനയിലും ദുരഭിമാനക്കൊല നടന്നിരുന്നു. ഇതര ജാതിയിൽപെട്ട യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കണമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്‌ത ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കൾ ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ത്രിപുരാറാം മണ്ഡലത്തിലെ അണ്ണാരം ഗ്രാമത്തിലെ നിവാസിയായ ഇരിഗി നവീൻ (21) ആണ് കൊല്ലപ്പെട്ടത്.
നവീന്‍ സ്വന്ത ഗ്രാമത്തിലെ തന്നെ 20കാരിയായ യുവതിയും നാലുവർഷമായി പ്രണയത്തിലായിരുന്നു. നവീൻ മിരിയാലഗുഡയിൽ കാർ മെക്കാനിക്കായി ജോലി ചെയ്‌തുവരികയായിരുന്നു നവീന്‍. നവീൻ ദലിത് വിഭാഗത്തിൽ നിന്നുള്ളയാള്‍ ആയതിനാല്‍ തന്നെ യുവതിയുടെ ബന്ധുക്കൾക്ക് വിവാഹത്തിൽ താത്‌പര്യമുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്ന് നവീന്‍ ആത്‌മഹത്യക്ക് ശ്രമിക്കുകയുമുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കാനെത്തുന്നതും കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും. ആക്രമണത്തില്‍ നവീന്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.