പനാജി: ഗോവ ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിവാദ പ്രസ്താവന ഉന്നയിച്ച് മണിക്കൂറുകൾ കഴിയെ അടുത്ത പ്രസ്താവനയുമായി കലാസാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ.
സംസ്ഥാനത്തെ എല്ലാ പെൺകുട്ടികളെയും സംരക്ഷിക്കാൻ പൊലീസുകാരെ നിയമിക്കുന്നത് യുക്തിപരമായി സാധ്യമല്ല എന്ന് കലാസാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ പറഞ്ഞു. ഓരോ പെൺകുട്ടിയുടെയും സംരക്ഷണത്തിനായി പൊലീസുകാരെ നിയമിക്കണമെങ്കിൽ എത്ര പൊലീസുകാരെ സംസ്ഥാനത്ത് നിയമിക്കണമെന്ന് പറഞ്ഞ മന്ത്രി സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് ജനങ്ങളുടെ ഒപ്പമുണ്ടെന്നും പറഞ്ഞു. നിയമസഭയുടെ മൺസൂൺ സെഷന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഗോവിന്ദ് ഗൗഡെ
കുട്ടികളുടെ സംരക്ഷണം മാതാപിതാക്കളുടെയും സർക്കാരിന്‍റെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മന്ത്രി മുഖ്യമന്ത്രിയുടെ വിശദീകരണത്തെ ന്യായീകരിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ എവിടെയാണ് പോകുന്നതെന്നും പുറത്ത് പോകാൻ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും മാതാപിതാക്കൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 24നാണ് ഗോവയിലെ കോൾവ ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥനുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാദ പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി
സംഭവത്തെ തുടർന്ന് 14 വയസുള്ള പെൺകുട്ടികൾ രാത്രി കടൽത്തീരത്ത് കഴിയാൻ ഇടവന്നതെങ്ങനെയാണെന്ന് മാതാപിതാക്കൾ ആത്മപരിശോധന നടത്തണമെന്നും കുട്ടികളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും പൊലീസിന് വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാരിനെയും പൊലീസുകാരെയും ന്യായീകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കളെ അടച്ചാക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ബിജെപി ഭരണത്തിന്‍ കീഴിൽ സ്ത്രീകൾക്ക് ഗോവ അപകടകരമാണെന്നും കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു.