കൗസാംബി(ഉത്തര്‍പ്രദേശ്): ആണ്‍ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചതിന്‍റെ പേരില്‍ 17കാരിയെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി(Hacked To Death). ദുരഭിമാന കൊലയെന്നാണ്(Honour Killing) പൊലീസിന്‍റെ വിലയിരുത്തല്‍. പ്രതികളായ പെണ്‍കുട്ടിയുടെ പിതാവ് മന്‍രഖാന്‍, ഇയാളുടെ രണ്ട് സഹോദരങ്ങളായ ഗന്‍ശ്യാം, രാധേശ്യാം എന്നിവരെ അറസ്‌റ്റ് ചെയ്‌തുവെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ സരൈ അകില്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ജില്ല മജിസ്‌ട്രേറ്റ് സുജിത് കുമാറും പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രിവാസ്‌തവയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളായ പെണ്‍കുട്ടിയുടെ പിതാവിനും ഇയാളുടെ രണ്ട് സഹോദരങ്ങള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഗ്രാമത്തിലുള്ള ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയും യുവാവും വ്യത്യസ്‌ത ജാതിയില്‍ ഉള്‍പ്പെട്ടവരായിരുന്നു. ഇരുവരുടെയും പ്രണയബന്ധം മാതാപിതാക്കള്‍ നേരത്തെ തന്നെ വിലക്കിയിരുന്നു.
ഇതിനാല്‍ തന്നെ യുവാവിനോട് രഹസ്യമായി ആയിരുന്നു പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നത്. ശനിയാഴ്‌ച യുവാവിനോട് പെണ്‍കുട്ടി രഹസ്യമായി സംസാരിക്കുന്നത് കണ്ട കുടുംബാംഗങ്ങള്‍ അവളെ ശകാരിച്ചിരുന്നു. ശേഷം, മന്‍രഖാനും ഇയാളുടെ സഹോദരങ്ങളും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ക്കഥയാവുന്ന ദുരഭിമാനകൊല(Honor Killing Incident) : അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രണയത്തെ ചൊല്ലി 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. മകള്‍ മറ്റൊരു ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെയാണ് മാതാപിതാക്കള്‍ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. ദുരഭിമാനക്കൊലയില്‍ മാതാപിതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
മകള്‍ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെ മാതാപിതാക്കള്‍ ഇതില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ മാതാപിതാക്കള്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് ചിത്രീകരിക്കുന്നതിനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്‌തു.
എന്നാല്‍ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് 10 ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് പിടിവീഴുന്നത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഗ്രാമത്തിലെ തന്നെ ഒരു ആണ്‍കുട്ടിയുമായി ഒരു വര്‍ഷം മുമ്പാണ് സൗഹൃദത്തിലാവുന്നത്. ഈ സൗഹൃദം ക്രമേണ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പതിവായി ഫോണില്‍ സംസാരിക്കാനും തുടങ്ങി.
അങ്ങനെയിരിക്കെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി എതിര്‍പ്പറിയിക്കുകയും പിന്മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. എന്നാല്‍, ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇവരെ തിരിച്ചയച്ചതല്ലാതെ വിഷയം കാര്യമാക്കിയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് പുറത്തേയ്‌ക്ക് ഒറ്റക്ക് യാത്ര ചെയ്യരുത് എന്നതുള്‍പ്പെടെ പെണ്‍കുട്ടിക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ കമിതാക്കള്‍ തമ്മില്‍ പരസ്‌പരം കണ്ടുമുട്ടിയതോടെയാണ് കഥ മാറുന്നത്.