ശിവമോഗ: സൗമ്യ എന്നും അച്ഛനെ വിളിക്കും. ഫോണിന്‍റെ മറുതലയ്ക്കല്‍ ഉത്തരമില്ലെങ്കിലും സൗമ്യയ്ക്ക് പിണക്കമില്ല. ഒന്നാം വയസില്‍ അമ്മയെ നഷ്‌ടപ്പെട്ട മൂന്ന് വയസുകാരി സൗമ്യയ്ക്ക് അച്ഛൻ ശരണായിരുന്നു എല്ലാം.
കർണാടകയിലെ ശിവമോഗ ജില്ലയിലെ ഹോസ്‌കോപ്പ സ്വദേശിയായ ശരൺ ബെംഗളൂരുവിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ശരൺ സ്വന്തം നാട്ടിലെത്തി ചെറിയ ജോലികളുമായി ജീവിതം തള്ളി നീക്കി. അതിനൊപ്പം പാവപ്പെട്ടവരെ സഹായിക്കാനായി "സംസ്‌കൃതി ഫൗണ്ടേഷൻ എന്ന സ്ഥാപനവും ആരംഭിച്ചു. കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിന്ന നിരവധി പേർക്കാണ് ശരൺ സഹായമായത്.
കൊവിഡ് കവർന്ന സ്വപ്‌നങ്ങൾ
കൊവിഡ് ബോധവല്‍രക്കണത്തിന്‍റെ ഭാഗമായി ശരൺ നിരവധി സ്ഥലങ്ങളിൽ പോയിരുന്നു. പതിനായിരത്തിലധികം ആളുകൾക്ക് ഫേസ് മാസ്ക്കും സാനിറ്റൈസറും ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു. അതിനിടെയാണ് ശരൺ കൊവിഡ് ബാധിച്ച് മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ് വരെ ശരൺ മകൾ സൗമ്യയെ വിളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തിരുന്നു.
ഇനി ഒരിക്കലും അച്ഛൻ വിളിക്കില്ലെന്ന് സൗമ്യയ്ക്ക് അറിയില്ല. പക്ഷേ അവൾ എന്നും വിളിക്കും. മറുതലയ്ക്കല്‍ മറുപടിയില്ലെങ്കിലും. അമ്മയും അച്ഛനും നഷ്ടപ്പെട്ട മൂന്ന് വയസുകാരിക്ക് അമ്മായി അഖിലയാണ് ഇനി എല്ലാം. ഒരിക്കല്‍ സൗമ്യ തിരിച്ചറിയും, കൊവിഡിനെ നേരിട്ട അച്ഛനെയും അതിനു മുന്നേ മൺ മറഞ്ഞുപോയ അമ്മയേയും കുറിച്ച്. അപ്പൊഴേക്കും അവൾ ലോകം കീഴടക്കിയിരിക്കും.