ബെംഗളുരു : ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം "ഗഗൻയാൻ" പദ്ധതിയ്‌ക്കായി ക്രയോജനിക് എഞ്ചിന്‍റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലാണ് ബുധനാഴ്‌ച 720 സെക്കൻഡ് ദൈർഘ്യത്തിൽ എഞ്ചിൻ പരീക്ഷണം നടത്തിയത്.
പരീക്ഷണം വിജയകരമായിരുന്നുവെന്നും എഞ്ചിന്‍റെ സ്വഭാവം പ്രവചിച്ചിരുന്നത് പോലെയായിരുന്നുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ദൈർഘ്യമേറിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഗഗൻയാൻ പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണ്. ഇത് പദ്ധതിയിൽ ഗഗൻയാൻ എഞ്ചിന്‍റെ വിശ്വാസ്യത വർധിപ്പിച്ചെന്ന് ഐ.എസ്.ആർ.ഒ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
Also Read: കൊവിഡ് സാഹചര്യം : പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
1810 സെക്കൻഡുകൾക്കായി എഞ്ചിനിൽ നാല് പരീക്ഷണങ്ങൾ കൂടി നടത്തും. കൂടാതെ ഒരു എഞ്ചിൻ രണ്ട് ഹ്രസ്വകാല പരീക്ഷണങ്ങൾക്കും ഒരു ദീർഘകാല പരീക്ഷണത്തിനും വിധേയമാകുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ പദ്ധതി ഈ മാസം ആദ്യം ഡിസൈൻ ഘട്ടം പൂർത്തിയാക്കി പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു. ഗഗന്‍യാന്‍റെ ഭാഗമായ ആദ്യ ആളില്ലാ പരീക്ഷണം ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് നടക്കും. ചന്ദ്രയാന്‍ -3 അടുത്ത വര്‍ഷം പകുതിയോടെ വിക്ഷേപിക്കാനും ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നതായി ഡോ.കെ.ശിവന്‍ പറഞ്ഞു.