ഭോപ്പാൽ: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ പ്രതിപക്ഷ നിയമസഭാംഗങ്ങൾ സൈക്കിളില്‍ നിയമസഭയിലെത്തി. ബജറ്റ് സമ്മേളനം ആരംഭിച്ച ഇന്ന് രാവിലെ കോൺഗ്രസ് എംഎൽഎമാരായ പിസി ശർമ്മ, ജിതു പട്വാരി, കുനാൽ ചൗധരി, ശശാങ്ക് ഭാർഗവ, ആരിഫ് മസൂദ് എന്നിവരാണ് സൈക്കിളിലെത്തിയത്.
യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് ഇന്ധന വില കുറവായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിലയില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പിസി ശർമ്മ പറഞ്ഞു. ഇന്ധന വില കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിഎ ഭരണകാലത്ത് ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇപ്പോഴാണ് സൈക്കിള്‍ സവാരി നടത്തേണ്ടതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈക്കിള്‍ സവാരി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നാടകം മാത്രമാണെന്ന് മന്ത്രി വിശ്വാസ് സാരംഗ് ആരോപിച്ചു. പ്രതിഷേധമുണ്ടെങ്കിൽ അവർ എല്ലാ ദിവസവും സൈക്കിൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 26 വരെയാണ് ബജറ്റ് സമ്മേളനം.