നാസിക്: നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സ്‌ത്രീ അടക്കം നാല് സുഹൃത്തുക്കള്‍ അറസ്‌റ്റില്‍. മഹാരാഷ്‌ട്രയിലെ നാസിക് സ്വദേശിയായ അശോക് രമേഷ് ബലേറോയാണ്(46) മരണപ്പെട്ടത്. കൊലപാതകികള്‍ അശോകിന്‍റെ മരണം അപകടം എന്ന് വരുത്തി തീര്‍ക്കുവാന്‍ ശ്രമിച്ചാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
2019 സെപ്‌റ്റംബര്‍ രണ്ടിനാണ് ഇന്ദിരാനഗര്‍ ജോഗിങ് ട്രാക്കിന് സമീപം പൊലീസ് അശോകിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു ബൈക്കും ഉണ്ടായിരുന്നതില്‍ അപകടമായിരിക്കാം മരണകാരണം എന്ന നിഗമനത്തില്‍ പൊലീസെത്തി. എന്നാല്‍, സംശയം തോന്നിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുക നിക്ഷേപിച്ചത് മറ്റൊരു സ്‌ത്രീയുടെ പേരില്‍: മരണപ്പെട്ട അശോകിന്‍റെ സഹോദരന്‍ അപകടമല്ല കൊലപാതകമാണെന്ന് ചൂണ്ടികാട്ടി പൊലീസില്‍ പരാതി നല്‍കുകയും കാര്യമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രജനി ഉക്കെ എന്ന് പേരുള്ള സ്‌ത്രീയുടെ പേരില്‍ അശോക് നാല് കോടി രൂപ ഇന്‍ഷുറന്‍സ് തുകയായി നിക്ഷേപിച്ചുവെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് രജനിയെ ചോദ്യം ചെയ്യുകയും സംഘത്തിലുണ്ടായിരുന്നവരുടെ പേരുകള്‍ പൊലീസിന് വെളിപ്പെടുത്തുകയും ചെയ്‌തു.
അശോകിന്‍റെ ഇന്‍ഷുറന്‍സ് ഇടപാടിന്‍റെ ഏജന്‍റിനെ പൊലീസ് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് അശോകിന്‍റേത് അപകടമരണം എന്ന് ചൂണ്ടികാട്ടി അവകാശികളായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളവര്‍ ചേര്‍ന്ന് തുക പങ്കിട്ടെടുത്തുവെന്ന് അയാള്‍ പൊലീസിന് മൊഴി നല്‍കി. 2019ല്‍ സുഹൃത്തുക്കള്‍ അശോകിനെ കൊണ്ട് നാല് കോടി രൂപയുടെ ഒരു ഇന്‍ഷുറന്‍സ് പദ്ധതി ചേര്‍ത്തിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ അശോകിന്‍റെ സ്വത്തുക്കളുടെ അവകാശിയാണെന്ന് തെളിയിക്കാന്‍ ഭാര്യയാണെന്ന വ്യാജേന ഒരു സ്‌ത്രീയേയും അശോകിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പെടുത്തിയിരുന്നു.
അശോകിന്‍റെ പേരില്‍ അപരിചിതനെ കൊലപ്പെടുത്താന്‍ ശ്രമം: ശേഷം തുക സ്വന്തമാക്കുന്നതിനായി അശോകാണെന്ന് കാണിച്ച് ഒരു അപരിചിതനെ കൊലപ്പെടുത്താനായി സുഹൃത്തുക്കള്‍ പദ്ധതിയിട്ടു. അതിന് ശേഷം ഏതാനും വര്‍ഷങ്ങള്‍ അശോക് നാസികില്‍ നിന്ന് വിട്ട് നിന്നിരുന്നു. മൂന്ന് വര്‍ഷമായി പദ്ധതി നടക്കാതിരുന്നതിനെ തുടര്‍ന്ന് അശോകിനെ തന്നെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കള്‍ പദ്ധതിയിടുകയും കൊലപാതകത്തിന് ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു.
രേഖകളില്‍ ഭാര്യയാണെന്ന് ചൂണ്ടികാട്ടി അവകാശിയായി നാമനിര്‍ദേശം ചെയ്‌ത സ്‌ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ ഇന്‍ഷുറന്‍സ് തുക നിക്ഷേപിക്കുകയുണ്ടായി. ശേഷം ഇവര്‍ തന്നെയാണ് തുക മറ്റുള്ളവര്‍ക്ക് പങ്കുവച്ച് കൊടുത്തത്. സംഘത്തിലെ ഒരാള്‍ക്ക് കുറഞ്ഞ തുക ലഭിച്ചതിനെ തുടര്‍ന്ന് പരസ്‌പരം വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുക കുറവ് ലഭിച്ച വ്യക്തി മറ്റുള്ളവരോടുള്ള പ്രതികാരത്തെ തുടര്‍ന്ന് അശോകിന്‍റെ മരണം അപകടമല്ല കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് സഹോദരനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
ALSO READ:ഗർഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചു ; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു