ഫിറോസാബാദ് (ഉത്തര്‍പ്രദേശ്): വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് 11.46 കോടി രൂപ തട്ടിയെടുത്ത സ്‌കൂള്‍ പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പാളായ ചന്ദ്രകാന്ത് ശർമ്മയ്‌ക്കെതിരെ അഴിമതിക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. വ്യാജ രേഖകൾ ചമച്ച് സംഘടന രൂപീകരിക്കുകയും, വിദ്യാഭ്യാസ വകുപ്പിലെയും, ബാങ്കിലെയും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുമാണ് ഇയാള്‍ ഇത്രയും ഭീമമായ തുക തട്ടിയെടുത്തതെന്നും ആഗ്ര വിജിലന്‍സ് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
"ഫിറോസാബാദ് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ ചന്ദ്രകാന്ത് ശർമ്മയ്‌ക്കെതിരെ അഴിമതിക്ക് കേസ് രജിസ്റ്റർ ചെയ്‌തു. ഇയാള്‍ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദ് നിവാസിയാണ്. ജില്ലയിലെ തുണ്ട്‌ലയിലുള്ള ജാജുപൂരിലെ പ്രൈമറി സ്‌കൂളിൽ പ്രിൻസിപ്പാളായി ജോലി ചെയ്യുന്നു" എന്ന് വിജിലൻസ് എസ്‌പി അലോക് ശർമ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെയും ബാങ്കുകളിലെയും മറ്റ് ഏതാനും ജീവനക്കാർക്കൊപ്പം ആഗ്രയിലെ വിജിലൻസ് പൊലീസ് സ്റ്റേഷനിൽ ജൂലൈ 27 നാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: അമ്മക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് നാല് വനിത എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി യുവാവ്
ഫിറോസാബാദിലെ ഷിക്കോഹാബാദിൽ രജിസ്റ്റർ ചെയ്‌ത 'സരസ്വത് അവാസിയ ശിക്ഷ സേവാ സമിതി' എന്ന എന്‍ജിഒ വഴിയാണ് ഇയാള്‍ പണം തട്ടിയത്. കച്ചവട സ്ഥാപനങ്ങളും, സൊസൈറ്റികളും, ചിട്ടികളും രജിസ്‌റ്റര്‍ ചെയ്യുന്ന ആഗ്രയിലെ ഡെപ്യൂട്ടി രജിസ്‌ട്രാർ ഓഫിസിൽ വ്യാജ രേഖകള്‍ ഉപയോഗിച്ച് 2007 ലാണ് ഈ സര്‍ക്കാര്‍ ഇതര സ്ഥാപനം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും സൂപ്രണ്ട് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് എഫ്ഐആറില്‍ പറയുന്നതിങ്ങനെ: സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ (ചന്ദ്രകാന്ത് ശർമ) തന്‍റെ അച്ഛനെ പ്രസിഡന്‍റും, അമ്മയെ മാനേജറും, സെക്രട്ടറിയും, ഭാര്യയെ ട്രഷററുമാക്കി എന്‍ജിഒ രൂപീകരിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ബന്ധുക്കളെയും സംഘടനയുടെ പ്രധാന സ്ഥാനങ്ങളിലും 'ഇരുത്തി'. കുറച്ചുനാളുകള്‍ക്ക് ശേഷം ജീവിച്ചിരിക്കുന്ന അമ്മ ഉള്‍പ്പടെ ചിലരെ മരിച്ചുവെന്ന് കാണിച്ച് മാറ്റങ്ങള്‍ക്ക് ശ്രമിച്ചു. തുടര്‍ന്ന് അമ്മ വഹിച്ചിരുന്ന മാനേജറും, സെക്രട്ടറിയും എന്ന തസ്‌തിക ഭാര്യക്ക് നല്‍കി, ഭാര്യയുടെ ട്രഷറര്‍ സ്ഥാനം 'സുനില്‍ ശര്‍മ' എന്ന കള്ളപ്പേരില്‍ ഇയാള്‍ തന്നെ ഏറ്റെടുത്തു.
Also Read: പൊലീസിന്‍റെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ്: പ്രതി പിടിയിൽ
മാത്രമല്ല, വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും ബാങ്ക് ജീവനക്കാരുടെയും സഹായത്തോടെ തന്‍റെ 'വ്യാജ' എന്‍ജിഒ അക്കൗണ്ടിൽ നിന്ന് 11,46,48,500 രൂപ പിൻവലിച്ച് ആഗ്രയിലുള്ള ബാങ്കുകളിലെ ഭാര്യയുടെയും കുട്ടികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ട്രാൻസ്‌ഫർ ചെയ്‌തു. നിലവില്‍ ആഗ്രയിലെ ആവാസ് വികാസ് കോളനിയില്‍ താമസിക്കുന്ന ഇയാള്‍ ഫിറോസാബാദിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കൂളുകളിലേക്കുള്ള ഉച്ചഭക്ഷണ വിതരണത്തിന്‍റെ കരാര്‍ കൈക്കലാക്കിയതായും എഫ്‌ഐആറിലുണ്ട്.
അതേസമയം, ഇയാള്‍ക്കെതിരെയുള്ള എഫ്‌ഐആറിന്‍റെ പകർപ്പ് വകുപ്പിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫിറോസാബാദിലെ ബേസിക് ശിക്ഷ അധികാരി (ബിഎസ്‌എ) അഞ്‌ജലി അഗർവാൾ പറഞ്ഞു. രജിസ്റ്റർ ചെയ്‌ത കേസിനെ കുറിച്ച് ആഗ്രയിലെ വിജിലൻസ് വകുപ്പ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും, എഫ്‌ഐആറിന്‍റെ പകർപ്പ് ലഭിച്ചാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടപടിയെടുക്കുമെന്നും അവർ അറിയിച്ചു. സംഭവം മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും, ആവശ്യമായ നിയമനടപടികൾ ന്യായമായ രീതിയിൽ സ്വീകരിക്കുമെന്ന് ഫിറോസാബാദ് ജില്ല മജിസ്‌ട്രേറ്റ് രവി രഞ്‌ജനും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: അമേരിക്കയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിവാഹ തട്ടിപ്പ്; ഇരയായത് എട്ട് പേര്‍; ഞെട്ടിക്കുന്ന വിവരങ്ങൾ