ചണ്ഡിഗഡ് : കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജോഗീന്ദർ മാൻ ആം ആദ്‌മി പാർട്ടിയില്‍. കോൺഗ്രസുമായുള്ള 50 വർഷത്തെ ബന്ധം വിച്ഛേദിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്‌മി പാർട്ടിയില്‍ ചേക്കേറിയിരിക്കുന്നത്. പഞ്ചാബ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്‍റെ ചെയർമാന്‍ പദവി വിഹിച്ചുവരികയായിരുന്നു.
ജോഗീന്ദറിന്‍റെ തീരുമാനം സംസ്ഥാനത്ത് ആം ആദ്‌മിക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് ആം ആദ്‌മി പാർട്ടി നേതാവും പഞ്ചാബിലെ സഹ ഇൻചാർജുമായ രാഘവ് ഛദ്ദ പറഞ്ഞു.
Also Read: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല : വി ശിവൻകുട്ടി
പോസ്റ്റ് മെട്രിക് പട്ടികജാതി സ്‌കോളർഷിപ്പിൽ കോടികളുടെ അഴിമതി നടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിലും തന്‍റെ മണ്ഡലമായ ഫഗ്വാരയ്ക്ക് ജില്ല പദവി നൽകാത്തതിലും ജോഗീന്ദർ കോൺഗ്രസുമായി ഇടഞ്ഞിരുന്നു. തുടർന്നാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങാനുള്ള തീരുമാനം. പഞ്ചാബ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്നും ജോഗീന്ദർ രാജിവച്ചു.
കോൺഗ്രസുകാരനായി മരിക്കണമെന്നതായിരുന്നു തന്‍റെ സ്വപ്‌നം, എന്നാൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അഴിമതിയിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന കോൺഗ്രസിന്‍റെ നയം തന്നെ പാർട്ടിയിൽ തുടരാൻ അനുവദിക്കുന്നില്ലെന്നും അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തിൽ ജോഗീന്ദർ മാൻ പറയുന്നു.
പഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14ന് നടക്കും. മാർച്ച് 10നാണ് ഫല പ്രഖ്യാപനം.