മുംബൈ: പ്രിയങ്ക ഗാന്ധിയിൽ നിന്നും രണ്ട് കോടി രൂപക്ക് എംഎഫ് ഹുസൈന്‍റെ പെയിന്‍റിങ് വാങ്ങാൻ കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് മുരളി ഡിയോറ തന്നെ നിർബന്ധിച്ചതായി യെസ് ബാങ്ക് പ്രൊമോട്ടർ റാണാ കപൂർ വെളിപ്പെടുത്തിയതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. പെയിന്‍റിങ് വിറ്റുകിട്ടിയ തുക കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ന്യൂയോർക്കിലെ ചികിത്സക്കായി വിനിയോഗിച്ചതായി ഡിയോറ റാണാ കപൂറിനെ അറിയിച്ചുവെന്നും ഇഡി പറയുന്നു. മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സർക്കാരിൽ പെട്രോളിയം മന്ത്രിയായിരുന്നു മുരളി ഡിയോറ. പെയിന്‍റിങ് വാങ്ങിയതിന് പ്രതിഫലമായി റാണാ കപൂറിന് പത്മഭൂഷൺ അവാർഡും കൂടുതൽ വ്യവസായങ്ങളും വാഗ്‌ദാനം ചെയ്‌തതായും കുറ്റപത്രത്തിൽ പറയുന്നു.
റാണാ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം നടക്കുകയാണ്. ഗൗതം ഥാപ്പറിന്‍റെ അവന്ത കമ്പനിക്ക് അനധികൃതമായി 1,900 കോടി രൂപ വായ്‌പ നൽകിയതിനും റാണാ കപൂറിനെതിരെ കേസെടുത്തിട്ടുണ്ട്. ഗൗതം ഥാപ്പറിന്‍റെ കമ്പനിക്ക് യെസ് ബാങ്കിൽ നിന്ന് 1,900 കോടി രൂപ വായ്‌പ നൽകുന്നതിന് റാണാ കപൂറിന് 300 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കേസ്.