കോയമ്പത്തൂർ: തമിഴ്‌നാട്ടില്‍ മര്‍ദനത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കവുണ്ടംപാളയം സ്വദേശികളായ ആര്‍ രഷ്‌മിക (26), എസ് ഗൗതമി (20), ടി മമത (22), ആര്‍ റൂബി (26), എച്ച് ഹരിണിത (23) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കോട്ടെ സ്വദേശി ടി ധര്‍മലിംഗത്തിന്‍റെ (45) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
തുടിയലൂരിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ധര്‍മലിംഗത്തെ ജൂലൈ എട്ടിന് പുലര്‍ച്ചെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുഹൃത്തിന്‍റെ ഇരുചക്ര വാഹനത്തിന്‍റെ പിന്‍സീറ്റില്‍ നിന്ന് വീണതാണെന്നാണ് ഇയാള്‍ ഡോക്‌ടറോട് പറഞ്ഞത്. ചികിത്സയിലിരിക്കെ ജൂലൈ 9ന് ധർമലിംഗം മരണപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ ആന്തരിക രക്തസ്രാവത്തിന് പുറമേ ധര്‍മലിംഗത്തിന്‍റെ തലയുടെ പുറകിലും വയറിലും മുറിവുകളുണ്ടെന്ന് കണ്ടെത്തി. ആക്രമണം മൂലമാകാം മുറിവുകളെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ക്ക് മര്‍ദനമേറ്റതാണെന്ന് കണ്ടെത്തിയത്.
ജൂലൈ എട്ടിന് പുലര്‍ച്ചെ ഒരു മണിയോടെ ധര്‍മലിംഗവും സുഹൃത്ത് പ്രവീണും ചേര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ അടുത്തെത്തുകയും അവരോട് മോശമായി പെരുമാറുകയും ചെയ്‌തു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ മർദിക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‌തു. ഒരു ട്രാന്‍സ്‌ജെന്‍ഡറിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Also read: Video | ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് പൊലീസുകാരുടെ ക്രൂരമർദനം