ജയ്‌പൂർ: രാജസ്ഥാനിലെ ജലോറില്‍ വിദ്യാർഥികള്‍ക്കുമേല്‍ കാർ പാഞ്ഞുകയറി അഞ്ച് മരണം. 9,10 ക്ലാസുകളിൽ പഠിക്കുന്ന രമില ദേവാസി, വർഷ ദേവാസി, വിക്രം കുമാർ, സുരേഷ് കുമാർ, വീണ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കമല എന്ന പെൺകുട്ടിക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ഈ സമയം അമിതവേഗതയിൽ വന്ന കാര്‍ ഇവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടമുണ്ടാക്കിയ കാറിന്‍റെ ഡ്രൈവർ സുരേഷിനെ അറസ്‌റ്റ് ചെയ്‌തതായി ജലോര്‍ പൊലീസ് അറിയിച്ചു. വിദ്യാർഥികളുടെ മരണത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു. പരിക്കേറ്റ വിദ്യാർഥിനി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.