കോലാർ (കർണാടക) : രാജ്യത്തുടനീളം തക്കാളി വില ദിനംപ്രതി കുതിക്കുകയാണ്. വില വർധിച്ചെങ്കിൽ പോലും അടുക്കളയിലെ റാണി എന്നറിയപ്പെടുന്ന തക്കാളിക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. മഴമൂലം ഉത്പാദനം കുറഞ്ഞതിനാൽ തന്നെ തക്കാളി കിട്ടാനും പ്രയാസമാണ്. ഇപ്പോൾ ഏറ്റവുമൊടുവിൽ കർണാടകയിലെ കോലാറിൽ റെക്കോഡ് തുകയ്‌ക്ക് തക്കാളി ലേലത്തിൽ പോയ വാർത്തകളാണ് പുറത്തുവരുന്നത്.
ജൂലൈ 11 ചൊവ്വാഴ്‌ച കോലാറിലെ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിലാണ് (എപിഎംസി) 15 കിലോഗ്രാം തക്കാളി പെട്ടി 2200 രൂപയ്ക്ക് ലേലത്തിൽ പോയി റെക്കോഡ് സൃഷ്‌ടിച്ചത്. ചിക്കബല്ലാപ്പൂർ ജില്ലയിലെ വിജാക്കൂർ ഗ്രാമത്തിലെ വെങ്കിട്ടരമണയാണ് 15 കിലോ വരുന്ന ഒരു പെട്ടി തക്കാളി 2200 രൂപയ്ക്ക് വിറ്റത്. തന്‍റെ ഒരേക്കർ വരുന്ന തോട്ടത്തിൽ തക്കാളിയാണ് ഇയാൾ കൃഷി ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ ദിവസം എപിഎംസി മാർക്കറ്റിൽ 36 പെട്ടി തക്കാളികളാണ് ഇയാൾ വിൽപ്പനക്കായി കൊണ്ടുവന്നത്. ഇത് മുഴുവൻ വിൽപ്പന നടത്തുകയും ഇതിലൂടെ വലിയ വരുമാനം നേടാനും ഇയാൾക്കായി. ഏഷ്യയിലെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് കോലാറിലെ എപിഎംസി മാർക്കറ്റ്. ഇന്ത്യയിലെമ്പാടുമുള്ള വ്യാപാരികൾ പച്ചക്കറികൾ വാങ്ങാൻ ഇവിടെയെത്തുന്നു. ഇപ്പോൾ തക്കാളിയാണ് ഇവിടുത്തെ സൂപ്പർ സ്റ്റാർ എന്നാണ് വ്യാപാരികൾ പറയുന്നത്.
കർണാടകത്തിൽ ഏറ്റവും കൂടുതൽ തക്കാളി ഉത്പാദിപ്പിക്കുന്നത് കോലാർ, ചിക്കബെല്ലാപൂർ ജില്ലകളിലാണ്. ഇവിടെ തക്കാളി കൃഷി ചെയ്യാൻ അനുകൂലമായ കാലാവസ്ഥയുണ്ട്. അതേസമയം കഴിഞ്ഞ ഒരു മാസമായി തക്കാളി വില പ്രതിദിനം ക്രമാതീതമായി ഉയരുന്നതായി എപിഎംസിയിലെ കച്ചവടക്കാർ പറയുന്നു. ജൂണ്‍ രണ്ടാം വാരത്തിൽ ആരംഭിച്ച തക്കാളി വിലയിൽ ഇന്നും വർധനവ് തുടരുകയാണ്.
ഡൽഹി, മഹാരാഷ്‌ട്രയിലെ നാസിക്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയിടങ്ങളിൽ നിന്ന് പോലും തക്കാളിക്കായി ആവശ്യക്കാർ എപിഎംസിയിലേക്ക് വരാറുണ്ടെന്നും ഇവർ പറയുന്നു. അതേസമയം കോലാർ മേഖലയിൽ ഒരു പ്രത്യേക വൈറസ് തക്കാളിയെ ബാധിക്കുന്നതായും അതിനാൽ തന്നെ വലിയ അളവിൽ വിളവെടുക്കാൻ സാധിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
തക്കാളി മോഷണം : അടുത്തിടെ ബെംഗളൂരുവിൽ 250 കിലോ തക്കാളിയുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ബെംഗളൂരുവിലെ ചിത്രദുർഗയിലായിരുന്നു സംഭവം. തക്കാളി കയറ്റിക്കൊണ്ട് പോകുകയായിരുന്ന ബൊലേറോ പിക്കപ്പ് വാൻ ഡ്രൈവറേയും കൂടെയുണ്ടായിരുന്ന കർഷകനേയും ബലം പ്രയോഗിച്ച് തടഞ്ഞുനിർത്തിയ ശേഷം ഇവർ വാഹനവുമായി കടന്നുകളയുകയായിരുന്നു.
ചിത്രദുർഗയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകൻ തന്‍റെ കൃഷിയിടത്തിൽ ഉത്‌പാദിപ്പിച്ച 250 കിലോയിലധികം തക്കാളി വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെയാണ് മോഷണം നടന്നത്. കാറിലെത്തിയ മൂന്ന് പേർ തക്കാളി കൊണ്ട് പോകുന്ന വാഹനം വഴിയിൽ വച്ച് തടയുകയായിരുന്നു. തുടർന്ന് അവരുടെ കാറിൽ കർഷകന്‍റെ വാഹനം തട്ടിയെന്നും നഷ്‌ടപരിഹാരം വേണമെന്നും പറഞ്ഞ് ഇവർ തർക്കം തുടരുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ പിക്കപ്പ് വാൻ ഡ്രൈവറെ ഇവർ മർദിച്ചു. ശേഷം വണ്ടിയിൽ തട്ടിയതിന് യുപിഐ വഴിയോ ഡിജിറ്റൽ പേയ്‌മെന്‍റ് വഴിയോ പണം നൽകണമെന്ന് അക്രമികൾ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വാഹനത്തിൽ തക്കാളിയാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ അക്രമികൾ പണം വേണ്ടെന്ന് പറഞ്ഞ ശേഷം പിക്കപ്പ് വാനുമായി കടന്നുകളയുകയായിരുന്നു.