ഗുവാഹത്തി : അമിത വണ്ണമുള്ളതും സ്ഥിരം മദ്യപാനികളുമായ പൊലീസുകാർക്ക് നിര്‍ബന്ധിത വിആര്‍എസ് ( വോളണ്ടറി റിട്ടയർമെന്‍റ് സ്‌കീം) നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്‌മാർട്ട് പൊലീസ് എന്ന ആശയം മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനമെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊലീസുകാരും ജവാന്‍മാരുമുള്‍പ്പടെ 300 പേരാണ് ആദ്യ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുകയെന്നും അദ്ദേഹം അറിയിച്ചു. വിആർഎസ് പ്രകാരം താത്പര്യമുള്ളവർക്ക് സ്വയം വിരമിക്കാം.
അസമിലെ ചില പൊലീസ് ഉദ്യോഗസ്ഥരും ജവാന്മാരും സ്ഥിരം മദ്യപാനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായ മദ്യപാനം അവരുടെ ശരീരത്തെ പ്രവർത്തനരഹിതമാക്കുന്നു. അത്തരത്തിലുള്ള പൊലീസുകാരെ കണ്ടെത്താനുള്ള നടപടികളിലൂടെയാണ് 300 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
4,000ത്തോളം, മതിയായ യോഗ്യതയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരും ജവാൻമാരും സര്‍വീസില്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അവർക്കും വിആർഎസ് നൽകും. ഇതിലൂടെ യുവാക്കൾക്ക് ഇവരുടെ തസ്‌തികകളിലേക്ക് വരാൻ അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അസം മന്ത്രിസഭ പുനഃസംഘടന : ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ മന്ത്രിസഭയിൽ മാറ്റമോ വികസനമോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ബിജെപി സർക്കാർ മെയ് 10ന് രണ്ട് വർഷം തികയ്‌ക്കുകയാണ്. രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 9 മുതൽ മെയ് 11 വരെ മൂന്ന് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.