ബെംഗളൂരു: രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിലും കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തി. ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ വാഹനങ്ങളുമായി കർഷകർ പ്രതിഷേധത്തിനിറങ്ങി. കർഷക, ദലിത്, തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയിൽ ലക്ഷക്കണക്കിന് കർഷകരാണ് സംസ്ഥാനത്ത് ട്രാക്ടർ റാലിയിൽ പങ്കാളിയാകുന്നത്. തുമകുരു റോഡിൽ നിന്നും മൈസുരു റോഡിലെ ബിഡാഡി ഇൻഡസ്ട്രിയൽ ജംഗ്ഷൻ, ചിക്കബാലപുര റോഡിലെ ദേവനഹള്ളി നാഡി ക്രോസ്, കോലാർ റോഡിലെ ഹോസാകോട്ട ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും ഇന്ന് രാവിലെ ഒമ്പത് മണിക്ക് പ്രതിഷേധ റാലി ആരംഭിച്ചു. സെൻട്രൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് ഈ ട്രാക്‌ടർ റാലികൾ സമ്മേളിക്കുന്നത്.
അതേ സമയം, ഇന്നും ഇന്നലെയുമായി ബെംഗളൂരുവിൽ നടത്തിയ ട്രാക്ടർ റാലിക്ക് ബന്ധപ്പെട്ടവരിൽ നിന്ന് അനുമതി നേടിയിട്ടില്ലെന്ന് പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച കർഷകരുടെ ട്രാക്ടർ പൊലീസ് പിടിച്ചെടുത്തിരുന്നു. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ വരെ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.