ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് ശ്രദ്ധാഞ്ജലി ദിവസ് ആചരിച്ച് കര്‍ഷക സംഘടനകള്‍. ഇരുപതോളം കര്‍ഷകരുടെ ജീവനാണ് ഈ കാലയളവില്‍ പൊലിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന പ്രതിജ്ഞ എടുത്താണ് പ്രക്ഷോഭം തുടരുന്നുത്. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം ശക്തമായി തന്നെ തുടരുമെന്നും കര്‍ഷകര്‍ പറഞ്ഞു. പത്രങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ പരസ്യങ്ങള്‍ അച്ചടിക്കുന്നു. അവരുടെ ഉദ്ദേശം നല്ലതാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കര്‍ഷകര്‍ ചോദിക്കുന്നു. ജനവിരുദ്ധമായ നിയമം മോദി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ പ്രക്ഷോഭത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുകയാണ്. കായികതാരങ്ങള്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം അയക്കുമ്പോള്‍ ഇവിടെ കര്‍ഷകര്‍ മരിച്ചു വീഴുകയാണ്. പല രീതിയിലും സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും ഫലമുണ്ടാകില്ലെന്നും മോദി സര്‍ക്കാര്‍ കടുംപിടിത്തം അവസാനിപ്പിച്ച് നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കര്‍ഷകര്‍ പറഞ്ഞു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലും ഖാസിപൂര്‍ ബോര്‍ഡറിലും കര്‍ഷകര്‍ മെഴുകു തിരികള്‍ കത്തിച്ച് മരിച്ച കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി ദിവസ് ആചരിച്ചു.