ചെന്നൈ: ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതു മൂലം യുഎസിൽ ഒരാൾ മരിച്ചതായും ചിലർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടതായും റിപ്പോർട്ട്. ചെന്നൈ ആസ്ഥാനമായുള്ള 'ഗ്ലോബൽ ഹെൽത്ത് കെയർ ഫാർമസ്യൂട്ടിക്കൽ' കമ്പനിയുടെ തുള്ളിമരുന്നുകൾ ഉപയോഗിച്ചവർക്കാണ് അപകടമുണ്ടായത്. കണ്ണ് വരണ്ടതായി തോന്നുമ്പോൾ കൃത്രിമ കണ്ണുനീരായി ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് അപകടം വിതച്ചത്.
പരാതിയെത്തുടർന്ന് മരുന്നിന് യുഎസ് നിരോധനം ഏർപ്പെടുത്തി. ഈ മരുന്ന് ഉപയോഗിച്ചവരിൽ ഒരാൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൂടാതെ 5 പേർക്ക് കാഴ്‌ച നഷ്‌ടപ്പെടുകയും, 50 ലധികം പേർക്ക് വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്‌തുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ഐ ഡ്രോപ്പ് ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ പ്രത്യേകതരം ബാക്‌ടീരിയകൾ കണ്ടെത്തിയെന്നും അവ പല സങ്കീർണതകൾക്കും കാരണമായേക്കാമെന്നും യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ യുഎസിലേക്ക് അയച്ച മരുന്നുകൾ കമ്പനി തിരിച്ച് വിളിച്ചിരുന്നു. അതേസമയം ചെന്നൈയിലെ ചെങ്കൽപെട്ട് മരുന്ന് ഉത്പാദന കമ്പനിയിൽ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ശനിയാഴ്‌ച പുലർച്ചെ പരിശോധന നടത്തി. ആറ് കേന്ദ്ര-സംസ്ഥാന ഡ്രഗ് കൺട്രോൾ ഇൻസ്‌പെക്‌ടർമാരുടെ സംയുക്ത സംഘം പുലർച്ചെ രണ്ട് മണിയോടെയാണ് കമ്പനിയിലെത്തി പരിശോധന നടത്തിയത്.
അമേരിക്കയിലേക്ക് അയച്ച മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്നും തുള്ളിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്‌തുക്കൾ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അന്വേഷണ സംഘം അറിയിച്ചു.