ന്യൂഡല്‍ഹി: മുൻ ഗവർണറും കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവയെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചു. ജൂലൈ 19ന് ആല്‍വ നാമനിർദേശ പത്രിക സമർപ്പിക്കും. എൻസിപി അധ്യക്ഷൻ ശരത് പവാറിന്‍റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ആൽവയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
17 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. കോൺഗ്രസിന്‍റെ മല്ലികാർജുൻ ഖാർഗെ, ജയറാം രമേഷ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ബിനോയ് വിശ്വം, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ ടി.ആർ ബാലു, തിരുച്ചി ശിവ, എസ്‌പിയുടെ രാം ഗോപാൽ യാദവ്, എംഡിഎംകെയുടെ വൈകോ, ടിആർഎസിന്‍റെ കെ. കേശവ റാവു, ആർജെഡിയുടെ എ.ഡി സിങ്, ഐഎംയുഎല്ലിന്‍റെ ഇ.ടി മുഹമ്മദ് ബഷീർ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തൃണമൂൽ കോൺഗ്രസിന്‍റെയും ആം ആദ്‌മി പാർട്ടിയുടെയും പിന്തുണ കൂടി ലഭിക്കുന്നതോടെ ആല്‍വ 19 പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയാകുമെന്ന് ശരത് പവാര്‍ പറഞ്ഞു. പശ്ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധന്‍കറാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.