സിദ്ദിപേട്ട് (തെലങ്കാന): പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പെണ്‍കുട്ടി തുടര്‍പഠനത്തിന് സാമ്പത്തികം ഇല്ലാത്തതിനാല്‍ ആടുമേയ്‌ക്കുന്നു. സിദ്ദിപേട്ട് ജില്ലയിലെ ദൗൽത്തബാദ് മണ്ഡലത്തിലെ കോനൈപ്പള്ളി സ്വദേശികളായ ഗൊല്ല ചിന്നോളസ്വാമിയുടെയും നാഗമണിയുടെയും രണ്ടാമത്തെ മകള്‍ ശ്രാവന്തിയാണ് തുടര്‍ പഠനത്തിന് പണമില്ലാതെ അച്ഛനൊപ്പം ആടുമേയ്‌ക്കലിന് ഇറങ്ങിയത്. ബിഎസ്‌സി ഹോര്‍ട്ടി കള്‍ച്ചറിനായുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് ശ്രാവന്തിക്കാണ്.
ഈ മാസം അഞ്ചിന് കൗൺസിലിങ്ങിന് ഹാജരാകണം. അന്നുതന്നെ 50,000 രൂപ അടച്ചാല്‍ മാത്രമേ അവൾക്ക് സീറ്റ് ലഭിക്കൂ. നാലു വർഷമുള്ള കോഴ്‌സിന് ആകെ നാല് ലക്ഷം രൂപ ചെലവ് വരും. ഇത്രയും തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഗൊല്ല ചിന്നോളസ്വാമി.
മകളുടെ പഠനത്തിന് ആവശ്യമായ പണം നല്‍കാന്‍ സുമനസുള്ള ഏതെങ്കിലുമൊരാള്‍ വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഗൊല്ല ചിന്നോളസ്വാമിക്കും നാഗമണിക്കും മൂന്ന് പെണ്‍കുട്ടികളാണ്. മൂവരും പഠനത്തില്‍ മിടുക്കരാണ്. എന്നാല്‍ തന്‍റെ സാമ്പത്തിക പ്രതിസന്ധി കാരണം മക്കളുടെ തുടര്‍പഠനം മുടങ്ങിയെന്നാണ് ഗൊല്ല ചിന്നോളസ്വാമി പറയുന്നത്.
മൂത്തമകള്‍ കല്യാണി 2020 ല്‍ അഗ്രികള്‍ച്ചര്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. 60 പേരുണ്ടായിരുന്ന ബാച്ചിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു കല്യാണി. ഉപരിപഠനത്തിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികമില്ലാത്തതിനാല്‍ അവള്‍ പഠനം ഉപേക്ഷിച്ചു. തയ്യല്‍ പഠിച്ച് കുടുംബത്തെ സഹായിക്കുകയാണ് കല്യാണി.
രണ്ടാമത്തെ മകള്‍ ശ്രാവന്തി പത്താംതരത്തില്‍ മുഴുവന്‍ മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. മൂന്നാമത്തെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പണം ഇല്ലാത്തതിനാല്‍ മൂന്ന് മക്കളെയും സര്‍ക്കാര്‍ സ്‌കൂളില്‍ അയച്ചാണ് പഠിപ്പിച്ചിരുന്നതെന്ന് ഗൊല്ല ചിന്നോളസ്വാമി പറഞ്ഞു.