ബെംഗളൂരു: കാമുകനൊപ്പം കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിനി രേണുകയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകൻ സിദ്ധാർഥിന് വേണ്ടിയും കഞ്ചാവ് എത്തിച്ച് നൽകുന്ന ബിഹാർ സ്വദേശി സുധാൻഷുവിന് വേണ്ടിയുമുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
also read:ശശി തരൂരിന് എതിരെ കേസെടുക്കണമെന്ന ഹർജി; വിധി പറയുന്നത് ജൂലൈ രണ്ടിലേക്ക് നീട്ടി
ആന്ധ്രാ സ്വദേശികളായ ഇരുവരും ചെന്നൈയിലെ എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് ഉപരിപഠനത്തിനായി ബെംഗളൂരുവിൽ എത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് ബെംഗളൂരുവിലെ മറാത്തല്ലിയിൽ വീട് വാടകയ്‌ക്കെടുക്കയും കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം ബെംഗളൂരുവിലെ സദാശിവനഗറിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതിനിടെയാണ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം രേണുകയെ അറസ്റ്റ് ചെയ്തത്. ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിലാണ് പ്രതികൾ കഞ്ചാവ് എത്തിച്ചിരുന്നത്.
50 ഗ്രാം കഞ്ചാവിന് 1000 മുതൽ 2000 രൂപവരെയാണ് ഈടാക്കിയിരുന്നത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.