വൈശാലി: ബിഹാറിലെ വൈശാലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു (Two criminals killed in encounter in Vaishali). പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തി മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
സത്യപ്രകാശ്, ബിട്ടു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടർന്ന് പൊലീസ് വെടിയേറ്റ് പരിക്കേറ്റ രണ്ട് കുറ്റവാളികളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. രണ്ട് പ്രതികളെയും പിടികൂടിയ ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
അതിനിടെ, ദേശീയ പാതയിൽ സരായ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രതികൾ പൊലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് വെടിവെക്കുകയായിരുന്നു (Vaishali police encountered two criminals who killed a constable). പ്രതികൾ രണ്ട് പേരും ഗയ ജില്ലയില്‍ നിന്നുള്ളവരാണെന്ന് വൈശാലി സദർ എസ്‌ഡിപിഒ ഓം പ്രകാശ് പറഞ്ഞു.
വൈശാലിയിലെ യൂക്കോ ബാങ്ക് ശാഖയിലെ കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് കോൺസ്റ്റബിളുമാർക്കാണ് വെടിയേറ്റത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്.
വാഹന പരിശോധനയ്‌ക്കിടെ ആക്രമിച്ച രണ്ടുപേരെ വെടിവച്ചുകൊന്ന് തമിഴ്‌നാട് പൊലീസ്: വാഹന പരിശോധനയ്‌ക്കിടെ ആക്രമിച്ച രണ്ടുപേരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തി തമിഴ്‌നാട് പൊലീസ്. താംബരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 1ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. വിനോദ് എന്ന ഛോട്ട വിനോദ് (35), രമേഷ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തമിഴ്‌നാട് പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട വിനോദ് 10 കൊലക്കേസ് ഉള്‍പ്പടെ അന്‍പതോളം കേസുകളില്‍ പ്രതിയായിരുന്നു. അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട രമേഷ് എന്നും പൊലീസ് അറിയിച്ചു.
അതേസമയം അറുങ്കൽ റോഡിൽ ഗുഡുവഞ്ചേരി (Guduvancheri) പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മുരുകേശന്‍, എസ്‌ഐ ശിവഗൃനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കായി നിന്നിരുന്നത്. ഇതിനിടെ അമിത വേഗതയിൽ എത്തിയ ഒരു കാര്‍ തടഞ്ഞ് നിര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ജീപ്പില്‍ ഇടിച്ചാണ് ഇവർ കാർ നിര്‍ത്തിയത്. പിന്നാലെ ആയുധങ്ങളുമായി പുറത്തിറങ്ങിയ ക്രിമിനല്‍ സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു,
കൊടുവാള്‍ ഉപയോഗിച്ചായിരുന്നു ഇവർ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്‌ടറുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ കഴുത്തിന് നേരെയും പ്രതികള്‍ വെട്ടാനോങ്ങിയിരുന്നു. പക്ഷേ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.