കോയമ്പത്തൂർ: ഏഴ് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ പിടികൂടി വനംവകുപ്പ്. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പുള്ളിപ്പുലി വനംവകുപ്പിന്‍റെ പിടിയിലായത്.
ജനുവരി 24നാണ് പാപ്പാൻകുളത്ത് പുലി ഏഴ് പേരെ ആക്രമിക്കുന്നത്. തിരുപ്പൂരിൽ നിന്ന് 10 കിലോമീറ്റർ അകലെ പെരുമാനല്ലൂരിൽ പുള്ളിപ്പുലിയെ കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് വേട്ടയാടൽ വിരുദ്ധ സേനയിലെ 50 ഉദ്യോഗസ്ഥരെ അമ്മപാളയം ഗ്രാമത്തിൽ വിന്യസിച്ചിരുന്നു. ഇന്ന് പുലർച്ചെ അമ്മപ്പാളയത്ത് വച്ച് വേട്ടയാടൽ വിരുദ്ധ സ്ക്വാഡിലെ വാച്ചർ ഉൾപ്പെടെ രണ്ട് പേരെ ആക്രമിച്ചിരുന്നു.
പോങ്ങുപാളയത്തെ ഫാമിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ 20 ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ സഞ്ചാരം നിരീക്ഷിച്ചുവരികയായിരുന്നു. പ്രദേശത്ത് നിന്നും നായയുടെ ജഡവും കണ്ടെത്തിയിരുന്നു. തുടർന്ന് ഫോറസ്റ്റ് മെഡിക്കൽ സംഘം പുലിയെ പിടികൂടുകയായിരുന്നു. വൈകുന്നേരത്തോടെ പുലിയെ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ; ഒരാളെ പിടികൂടി