ദിസ്‌പൂർ: നാഗരികതയുടെ ആരംഭകാലം മുതൽ മനുഷ്യർ വീടുകളിലാണ് താമസിക്കുന്നത്. ഓരോരുത്തരും അവരുടെ കഴിവിനും താൽപര്യങ്ങൾക്കും അനുസൃതമായി വ്യത്യസ്‌ത തരത്തിൽ വീടുകൾ നിർമിക്കുന്നു. എന്നാൽ ഈ പരിഷ്‌കൃത കാലഘട്ടത്തിലും അസമിലെ കാർബി ആംഗ്ലോങ് ജില്ലയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ബർമഹാരി പഥാർ ഗ്രാമത്തിലുള്ളവര്‍ ഏറുമാടങ്ങളിൽ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അസം ഭാഷയിൽ ടോംഗി ഘർ അല്ലെങ്കിൽ ചാങ് ഘർ എന്നാണ് ഏറുമാടങ്ങളെ വിളിക്കുന്നത്. ഗ്രാമവാസികൾക്ക് ഇന്നത്തെ രീതിയിലേതുപോലെ വീടുകൾ സ്വന്തമായുണ്ടെങ്കിലും അതിന് സമീപമുള്ള ചാങ് ഘറുകളിലാണ് അവര്‍ കാലങ്ങളായി അന്തിയുറങ്ങുന്നത്.
വീടുണ്ടായിട്ടും ഏറുമാടങ്ങളിലെ വാസം കൗതുകമായി തോന്നാമെങ്കിലും പ്രദേശവാസികള്‍ അവരുടെ താൽപര്യപ്രകാരമല്ല ഇവിടെ താമസിക്കുന്നത്. അതിനായി അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. 45 കുടുംബങ്ങൾ മാത്രമുള്ള ഈ ഗ്രാമത്തിൽ കാട്ടാനയുടെ ശല്യം പതിവായതോടെയാണ് ഇത് അനിവാര്യമായത്. 25 മുതൽ 30 അടി വരെ ഉയരത്തിലാണ് ഏറുമാടങ്ങൾ. വനത്തിന് സമീപമായതിനാല്‍ ഗ്രാമത്തിൽ വന്യമൃഗ ശല്യമുണ്ട്. അതിനാൽ സന്ധ്യയാകുന്നതോടെ കുടുംബസമേതം ചാങ് ഘറിനുള്ളിൽ കയറുന്ന ഗ്രാമവാസികൾ പുലരുവോളം അവിടെ തുടരും.
അടിസ്ഥാന സൗകര്യമായ വൈദ്യുതി പോലും ഗ്രാമത്തിൽ ലഭ്യമാകുന്നില്ല. എന്നാല്‍ സുരക്ഷിതമായ ചാങ് ഘറുകളെങ്കിലും നിർമിച്ച് നൽകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം സുരക്ഷ മാത്രമല്ല പാവപ്പെട്ട കുടുംബങ്ങള്‍ ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ കൂടിയാണ് ഏറുമാടങ്ങളെ ആശ്രയിക്കുന്നത്. തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബർമഹാരി പഥാർ വാസികള്‍.